Skip to content

അവരുടെ പോരാട്ട വീര്യത്തിൽ മാറ്റമുണ്ടാകില്ല, കോഹ്ലിയും രോഹിത് ശർമ്മയും ഇല്ലെങ്കിലും ഇന്ത്യയെ നിസ്സാരരായി കാണില്ല : സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ടെമ്പാ ബാവുമ

മുതിർന്ന താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ബുംറയും ഇല്ലെങ്കിലും ഇന്ത്യയെ നിസ്സാരരായി കാണാനാകില്ലയെന്ന് സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ടെമ്പാ ബാവുമ. മുതിർന്ന താരങ്ങൾ ഇല്ലാതെ ടി20 പരമ്പരയ്ക്കിറങ്ങുന്ന ഇന്ത്യയെ കെ എൽ രാഹുലാണ് നയിക്കുന്നത്. ജൂൺ ഒമ്പതിന് ഡൽഹിയിലാണ് അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര ആരംഭിക്കുന്നത്.

” തീർച്ചയായും ഇത് പുതിയൊരു ഇന്ത്യൻ ടീമാണ്. അടുത്തിടെ നടന്ന ഐ പി എല്ലിൽ മികച്ച പ്രകടനം പുറത്തെടുത്തവർക്ക് അവർ അവസരം നൽകിയിട്ടുണ്ട്. എന്നിരുന്നാലും അവരെ വ്യതസ്തമായി നോക്കികാണില്ല. ഒരു ബി ടീമായി അവരെ ഞങ്ങൾ കണക്കാക്കുന്നില്ല. ഞങ്ങൾ ഇതിനുമുൻപും ഇന്ത്യൻ ടി20 ടീമിനെതിരെ കളിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മത്സരത്തിലേക്ക് കടക്കുമ്പോൾ ഞങ്ങൾ എന്നത്തേയും പോലെ പ്രചോദിതരായിരിക്കും. മത്സരക്ഷമത അവിടെയുണ്ടാകും. ”

” കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യൻ ടീമിൻ്റെ മനോഭാവവും മറ്റും മാറി. അവർ കഠിനമായി ക്രിക്കറ്റ് കളിക്കുന്നവരും മത്സരബുദ്ധിയോടെ കളിയെ സമീപിക്കുന്നവരുമാണ്. രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ഇല്ലെങ്കിലും അവരുടെ പോരാട്ട വീര്യത്തിൽ മാറ്റമുണ്ടാകില്ല. ഞങ്ങൾ അവരെയും അവർ ഞങ്ങളെയും ലളിതമായി കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. ഈ പരമ്പര കഠിനമായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ആ രീതിയിൽ തന്നെയായിരിക്കും ഞങ്ങളുടെ സമീപനം. ” ബാവുമ പറഞ്ഞു.

ഐ പി എല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത കുൽദീപ് യാദവിൻ്റെയും യുസ്വെന്ദ്ര ചഹാലിൻ്റെയും സാന്നിധ്യം സൗത്താഫ്രിക്കയ്ക്ക് വെല്ലുവിളിയായിരിക്കുമെന്നും ആ വെല്ലുവിളി മറികടക്കാൻ കളിക്കാർക്ക് സാധിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ സ്പിന്നർമാരെ നേരിടുന്നതിൽ മികവ് പുലർത്താൻ തൻ്റെ ടീമിന് സാധിച്ചിട്ടുണ്ടെന്നും ബാവുമ കൂട്ടിച്ചേർത്തു.