Skip to content

തിരിച്ചടിച്ച് ന്യൂസിലൻഡ്, ആദ്യ ദിനം വീണത് 17 വിക്കറ്റുകൾ, ലോർഡ്സിൽ ബൗളർമാരുടെ ആറാട്ട്

ലോർഡ്സിൽ നടക്കുന്ന ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ ടെസ്റ്റിന് ആവേശകരമായ തുടക്കം. ആദ്യ ദിനത്തിൽ ബൗളർമാരുടെ പിൻബലത്തിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയപ്പോൾ 17 വിക്കറ്റുകളാണ് ലോർഡ്സിൽ വീണത്. ആദ്യ ദിനം കളി നിർത്തുമ്പോൾ ആതിഥേയരായ ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ടത്തിൽ 116 റൺസ് നേടിയിട്ടുണ്ട്.

6 റൺസ് നേടിയ ബെൻ ഫോക്സും 4 റൺസ് നേടിയ സ്റ്റുവർട്ട് ബ്രോഡുമാണ് ഇംഗ്ലണ്ടിന് വേണ്ടി ക്രീസിലുള്ളത്. 2 വിക്കറ്റ് വീതം നേടിയ ടിം സൗത്തീ, ട്രെൻഡ് ബോൾട്ട്, കെയ്ൽ ജാമിൻസൺ എന്നിവരാണ് ആതിഥേയരുടെ ബാറ്റിങ് നിരയെ തകർത്തത്. ഗ്രാൻഡ്ഹോം ഒരു വിക്കറ്റ് നേടി.

( Picture Source : Twitter )

43 റൺസ് നേടിയ സാക് ക്രോലെയും 25 റൺസ് നേടിയ അലക്സ് ലീസും മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 59 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ജോ റൂട്ട് 11 റൺസ് നേടി പുറത്തായപ്പോൾ ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനും ജോണി ബെയർസ്റ്റോയ്ക്കും ഒരു റൺ നേടാൻ മാത്രമാണ് സാധിച്ചത്.

നേരത്തെ ടോസ് നേടി ആദ്യ ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ന്യൂസിലൻഡിനെ 132 റൺസിൽ ഇംഗ്ലണ്ട് ചുരുക്കികെട്ടിയിരുന്നു. 42 റൺസ് നേടിയ ഗ്രാൻഡ്ഹോമും 26 റൺസ് നേടിയ ടിം സൗത്തീയുമാണ് ന്യൂസിലൻഡ് നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ക്യാപ്റ്റൻ കെയ്ൻ വില്യംസൻ 2 റൺസ് മാത്രം നേടി പുറത്തായി.

ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആൻഡേഴ്സൺ, അരങ്ങേറ്റക്കാരൻ മാറ്റി പോട്ട്‌സ് എന്നിവർ നാല് വിക്കറ്റ് വീതവും ബെൻ സ്റ്റോക്സും ബ്രോഡും ഓരോ വിക്കറ്റ് വീതവും നേടി.

( Picture Source : Twitter )