Skip to content

നടപടിയെടുക്കുന്നത് വരെ കളിക്കുകയില്ലെന്ന് ഞാൻ അമ്പയറോട് പറഞ്ഞു, സിഡ്നി ടെസ്റ്റിൽ സിറാജും ബുംറയും നേരിട്ട വംശീയധിക്ഷേപത്തെ കുറിച്ച് അജിങ്ക്യ രഹാനെ

ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർക്ക് മറക്കാനാകാത്ത ഓർമകളാണ് ഓസ്ട്രേലിയയും ഇന്ത്യയും തമ്മിൽ കഴിഞ്ഞ വർഷം നടന്ന ടെസ്റ്റ് പരമ്പര സമ്മാനിച്ചത്. ആദ്യ മത്സരത്തിൽ ദയനീയമായി പരാജയപെട്ട ഇന്ത്യ അവിശ്വസനീയ തിരിച്ചുവരവിലൂടെ പരമ്പര സ്വന്തമാക്കിയിരുന്നു. പരമ്പരയിൽ സിഡ്നി ടെസ്റ്റിനിടെ ഇന്ത്യൻ താരങ്ങൾ നേരിട്ട വംശീയ അധിക്ഷേപം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇപ്പോൾ ആ സംഭവവികാസങ്ങളെ കുറിച്ചുള്ള തൻ്റെ ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് അജിങ്ക്യ രഹാനെ.

ആദ്യ ടെസ്റ്റിന് പിന്നാലെ കോഹ്ലി മടങ്ങിയ ശേഷം അജിങ്ക്യ രഹാനെ യായിരുന്നു പിന്നീടുള്ള മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചത്. രഹാനെയുടെ മികവിൽ മെൽബൺ ടെസ്റ്റിൽ വിജയിച്ച ഇന്ത്യ സിഡ്നി ടെസ്റ്റിൽ സമനില പിടിക്കുകയും ഗാബയിൽ ചരിത്രവിജയം നേടികൊണ്ട് പരമ്പര സ്വന്തമാക്കുകയും ചെയ്തു.

പരമ്പരയിലെ സിഡ്നി ടെസ്റ്റിനിടെയാണ് കാണികളിൽ ചിലർ മൊഹമ്മദ് സിറാജിനെയും ജസ്പ്രീത് ബുംറയെയും വംശീയമായി അധിക്ഷേപിച്ചത്. വീണ്ടും വീണ്ടും ആവർത്തിച്ചതിനെ തുടർന്ന് ഇന്ത്യൻ ടീം പരാതി നൽകുകയും ഒടുവിൽ അധിക്ഷേപിച്ചവരെ സ്റ്റേഡിയത്തിൽ നിന്നും പുറത്താക്കുകയും ചെയ്തു. ഇന്ത്യയുടെ ഈ അവിസ്മരണീയ പരമ്പരയെ കുറിച്ചുള്ള ഡോക്യുമെൻ്ററിയുടെ ലോഞ്ചിനിടെയാണ് സിഡ്നി ടെസ്റ്റിനിടെ ഉണ്ടായ ഈ അനിഷ്ട സംഭവങ്ങളെ കുറിച്ച് രഹാനെ മനസ്സുതുറന്നത്.

” ഞങ്ങളെ അധിക്ഷേപിച്ചവരെ പുറത്താക്കുവാൻ ഞങ്ങൾ അമ്പയർമാരെ നിർബന്ധിച്ചിരുന്നു. പിന്നീട് സിറാജ് വീണ്ടും എൻ്റെ അടുത്ത് വന്നപ്പോൾ നടപടിയെടുക്കാതെ ഞങ്ങൾ കളിക്കുകയില്ലെന്ന് ഞാൻ അമ്പയർമാരോട് പറഞ്ഞു. ”

” എന്നാൽ മത്സരം നിർത്തിവെയ്ക്കാൻ കഴിയില്ലെന്നും നിങ്ങൾക്ക് വേണമെങ്കിൽ പുറത്തുപോകാം എന്നുമായിരുന്നു അമ്പയർമാരുടെ മറുപടി. ഡ്രസിങ് റൂമിൽ ഇരിക്കാനല്ല കളിക്കുവാനാണ് വന്നതെന്നും ഞങ്ങൾ പറയുകയും അവരെ പുറത്താക്കുവാൻ നിർബന്ധിക്കുകയും ചെയ്തു. ഇത് പ്രധാനമായിരുന്നു. ഞങ്ങളുടെ സഹകളിക്കാർ കടന്നുപോയ സാഹചര്യം കണക്കിലെടുത്ത് അവരെ പിന്തുണയ്ക്കേണ്ടതുണ്ട്. സിഡ്നിയിൽ സംഭവിച്ചത് പൂർണമായും തെറ്റായിരുന്നു. ” അജിൻക്യ രഹാനെ പറഞ്ഞു.