Skip to content

ധോണി പുറത്തിരുത്തിയപ്പോൾ ഏകദിനത്തിൽ നിന്നും വിരമിക്കാൻ ഞാൻ തീരുമാനിച്ചിരുന്നു, പക്ഷേ അദ്ദേഹം തടഞ്ഞു, കരിയറിലെ ദുഷ്കരമായ സമയത്തെ കുറിച്ച് വീരേന്ദർ സെവാഗ്

ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഓപ്പണർമാരിൽ ഒരാളാണ് വീരേന്ദർ സെവാഗ്. ടെസ്റ്റ് ക്രിക്കറ്റിലും ലിമിറ്റഡ് ഓവർ ക്രിക്കറ്റിലും ഒരുപോലെ താരം മികവ് പുലർത്തിയിരുന്നു. മറ്റേതൊരു ക്രിക്കറ്ററെയും പോലെ മോശം സമയത്തിലൂടെ സെവാഗും കടന്നുപോയിരുന്നു. 2008 ൽ എം എസ് ധോണിയുടെ ക്യാപ്റ്റനായിരിക്കെ തന്നെ പ്ലേയിങ് ഇലവനിൽ നിന്നും ഒഴിവാക്കിയപ്പോൾ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കുവാൻ താൻ തീരുമാനിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വീരേന്ദർ സെവാഗ്.

ഓസ്ട്രേലിയയിൽ നടന്ന ത്രിരാഷ്ട്ര ലിമിറ്റഡ് ഓവർ പരമ്പരയിൽ മികവ് പുലർത്താനാകാതെ വന്നതോടെയാണ് സെവാഗ് ടീമിൽ നിന്നും പുറത്തായത്. 5 മത്സരങ്ങളിൽ നിന്നും 81 റൺസ് മാത്രമാണ് സെവാഗ് പരമ്പരയിൽ നേടിയത്. ആ സമയത്ത് ഏകദിന നിന്നും വിരമിക്കുവാൻ തീരുമാനിച്ച തന്നെ പിന്തിരിപ്പിച്ചത് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറാണെന്നും Cricbuzz ൻ്റെ മാച്ച് പാർട്ടി എന്ന ഷോയിൽ സെവാഗ് വെളിപ്പെടുത്തി.

” 2008 ൽ ഓസ്ട്രേലിയയിൽ ആയിരുന്നപ്പോൾ ഈ ചോദ്യം (വിരമിക്കൽ) എൻ്റെ മുന്നിൽ വന്നു. ടെസ്റ്റ് പരമ്പരയിൽ 150 റൺസ് നേടി ടെസ്റ്റ് ടീമിലേക്ക് മികച്ച തിരിച്ചുവരവ് നടത്തുവാൻ എനിക്ക് സാധിച്ചിരുന്നു. എന്നാൽ ഏകദിനത്തിൽ നാലോ അഞ്ചോ അവസരങ്ങൾ ലഭിച്ചിട്ടും എനിക്ക് അധികം റൺസ് നേടുവാൻ സാധിച്ചില്ല. അങ്ങനെ എം എസ് ധോണി എന്നെ പ്ലേയിങ് ഇലവനിൽ നിന്നും ഒഴിവാക്കി. ”

” ആ സമയത്ത് ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതിനെ കുറിച്ചുള്ള ചിന്ത എൻ്റെ മനസ്സിൽ വന്നു. ടെസ്റ്റ് ക്രിക്കറ്റിൽ മാത്രം കളിച്ചാൽ മതിയെന്ന് ഞാൻ തീരുമാനിച്ചു. എന്നാൽ സച്ചിൻ ടെണ്ടുൽക്കർ എന്നെ തടഞ്ഞു.’ ഇത് നിൻ്റെ ജീവിതത്തിലെ മോശം ഘട്ടമാണ്. ഈ ടൂറിന് ശേഷം വീട്ടിലേക്ക് മടങ്ങൂ. നന്നായി ചിന്തിച്ചുകൊണ്ട് അടുത്തതായി എന്തുചെയ്യണമെന്ന് തീരുമാനിക്കൂ. ‘ അദ്ദേഹം എന്നോട് പറഞ്ഞു. ഭാഗ്യവശാൽ ആ സമയത്ത് ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചില്ല. ” സെവാഗ് പറഞ്ഞു.