Skip to content

അതെൻ്റെ സ്വപ്നമാണ്, മൂന്ന് ഫോർമാറ്റിലും ഒന്നാമനാവാൻ കഴിയുമെന്ന ദിനേശ് കാർത്തിക്കിൻ്റെ വാക്കുകളോട് പ്രതികരിച്ച് ബാബർ അസം

ഐസിസി റാങ്കിങിൽ മൂന്ന് ഫോർമാറ്റിലും ഒന്നാം നമ്പർ ബാറ്റ്സ്മാനാകുവാൻ ബാബർ അസമിന് സാധിക്കുമെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തികു അഭിപ്രായപെട്ടിരുന്നു. ഐസിസി റിവ്യൂവിൽ സംസാരിക്കവെയായിരുന്നു പാകിസ്ഥാൻ ക്യാപ്റ്റനെ ദിനേശ് കാർത്തിക് പ്രശംസിച്ചത്. ഇപ്പോൾ ദിനേശ് കാർത്തിക്കിൻ്റെ ഈ വാക്കുകളോട് പ്രതികരിച്ചിരിക്കുകയാണ് ബാബർ അസം.

ക്രിക്കറ്റ് ചരിത്രത്തിൽ വിരാട് കോഹ്ലിയും റിക്കി പോണ്ടിങും മാത്രമാണ് മൂന്ന് ഫോർമാറ്റിലും ഒന്നാം സ്ഥാനത്തെത്തിയിട്ടുള്ള ബാറ്റ്സ്മാന്മാർ. നിലവിൽ ഏകദിന റാങ്കിങിലും ടി20 റാങ്കിങിലും ഒന്നാം സ്ഥാനത്തുള്ള ബാബർ അസം ടെസ്റ്റ് റാങ്കിങിൽ അഞ്ചാം സ്ഥാനത്താണുള്ളത്. ഐസിസി റിവ്യൂവിൽ സംസാരിക്കുന്നതിനിടെയാണ് ബാബർ അസമിന് മൂന്ന് ഫോർമാറ്റിലും ഒന്നാമനാകുവാൻ സാധിക്കുമെന്ന് ദിനേശ് കാർത്തിക് അഭിപ്രായപെട്ടത്. ബാബർ അസമിന് അതിനുള്ള കഴിവുണ്ടെന്നും കാർത്തിക് പറഞ്ഞിരുന്നു.

” തീർച്ചയായും ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ എല്ലാ ഫോർമാറ്റിലും ഒന്നാമനാവുകയെന്നത് ഒരു സ്വപ്നമാണ്. പക്ഷേ അതിനായി നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുകയും കഠിനാധ്വാനം ചെയ്യുകയും വേണം. ഒന്നോ രണ്ടോ ഫോർമാറ്റിൽ ഒന്നാം സ്ഥാനത്തുണ്ടെന്ന് കരുതി അത് എളുപ്പമാവില്ല. മൂന്ന് ഫോർമാറ്റിലും ഒന്നമനാവാൻ ഫിറ്റ്നസും സ്ഥിരതയും പുലർത്തേണ്ടതുണ്ട്. ”

” ഇപ്പോൾ തുടർച്ചയായി മത്സരങ്ങൾ ഉള്ളതിനാൽ ഇടവേള കുറവാണ്. അതുകൊണ്ട് തന്നെ ഫിറ്റ്നസ് കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ഞാൻ അതിനായി തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ്. വൈറ്റ് ബോൾ ക്രിക്കറ്റിൽ അത് നന്നായി പോകുന്നു. വൈകാതെ ടെസ്റ്റ് ക്രിക്കറ്റിലും എനിക്കത് ആവർത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ” ബാബർ അസം പറഞ്ഞു.