Skip to content

അവൻ നിസ്വാർത്ഥനായ ക്രിക്കറ്ററാണ്, സഞ്ജുവിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ

രാജസ്ഥാൻ റോയൽസിന് വേണ്ടിയുളള സഞ്ജു സാംസൻ്റെ നിസ്വാർത്ഥമായ സമീപനത്തിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ സബ കരിം. സീസണിൽ രാജസ്ഥാൻ റോയൽസിനെ ഫൈനലിൽ എത്തിച്ച സഞ്ജു സാംസൺ 28.62 ശരാശരിയിൽ 146.79 സ്ട്രൈക്ക് റേറ്റിൽ 458 റൺസ് നേടിയിരുന്നു. ഇന്ത്യൻ ടീമിൽ ഇടം പിടിക്കാനായില്ലയെങ്കിലും ടീമിന് വേണ്ടി തൻ്റെ ശൈലിയിൽ യാതൊരു മാറ്റവും വരുത്താതെയാണ് സഞ്ജു ബാറ്റ് ചെയ്തത്.

” ഇക്കുറി സഞ്ജു സ്വയം മാറിയിരിക്കുന്നു. അവനൊരു നിസ്വാർത്ഥനായ ക്രിക്കറ്റ് കളിക്കാരനാണ്. ഉയർന്ന സ്ട്രൈക്ക് റേറ്റ് നിലനിർത്തികൊണ്ട് റൺസ് സ്കോർ ചെയ്യാനും മികച്ച ബൗളർമാരെ ആക്രമിച്ച് കളിക്കാനുമാണ് അവൻ ശ്രമിച്ചത്. അതിലവൻ പല മത്സരങ്ങളിൽ വിജയിക്കുകയും ചെയ്തു. ”

” വലിയ അവസരങ്ങളിൽ റൺസ് നേടുവാൻ അവന് സാധിച്ചിട്ടില്ലയെന്ന് ഞാൻ സമ്മതിക്കുന്നു. പക്ഷേ അവൻ്റെ ബാറ്റിങിൽ മികവും ടൈമിങുമുണ്ട്. ക്യാപ്റ്റൻസി ലഭിച്ചതോടെ സഞ്ജുവിൻ്റെ ബാറ്റിങ് മെച്ചപ്പെട്ടു. ഇപ്പോൾ കൂടുതൽ സ്ഥിരതയുള്ള ബാറ്റ്സ്മാനായി അവൻ മാറിയിരിക്കുന്നു. ” സബ കരിം പറഞ്ഞു.

സീസണിൽ 2 ഫിഫ്റ്റിയടക്കം 17 മത്സരങ്ങളിൽ നിന്നും 458 റൺസ് സഞ്ജു നേടിയിരുന്നു. വമ്പൻ ഇന്നിങ്സുകൾ കളിക്കുവാൻ സാധിച്ചില്ലയെങ്കിലും സഞ്ജുവിൻ്റെ വെടിക്കെട്ട് ബാറ്റിങ് മറ്റു ബാറ്റ്സ്മാന്മാരുടെ സമ്മർദം കുറയ്ക്കുവാൻ സഹായിച്ചു. സീസണിലെ പ്രകടനത്തോടെ ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടവും സഞ്ജു സ്വന്തമാക്കിയിരുന്നു. ഒരുപാട് റൺസ് നേടുകയല്ല തൻ്റെ ലക്ഷ്യമെന്നും ടീമിന് വേണ്ടി ഗുണകരമായ റൺസ് നേടുവാനാണ് താൻ വന്നിരിക്കുന്നതെന്നും അടുത്തിടെ നടന്ന അഭിമുഖത്തിൽ സഞ്ജു തന്നെ വ്യക്തമാക്കിയിരുന്നു.