Skip to content

അത്രയും വേഗതയേറിയ പന്തുകൾ നേരിടാൻ ഒരു ബാറ്റ്സ്മാനും ആഗ്രഹിക്കില്ല, ഉമ്രാൻ മാലിക്കിനെ നേരിടുന്നതിനെ കുറിച്ച് സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ബാവുമ

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിൽ ഉമ്രാൻ മാലിക്കിൻ്റെ വേഗതയാർന്ന പന്തുകൾ നേരിടാൻ തങ്ങൾ തയ്യാറായാണ് എത്തുന്നതെന്ന് സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ടെമ്പാ ബാവുമ. ഐ പി എല്ലിൽ വേഗതയാർന്ന പന്തുകൾ കൊണ്ട് ലോകത്തെ ഞെട്ടിച്ച ഉമ്രാൻ സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പരയോടെ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുവാൻ ഒരുങ്ങുകയാണ്.

ഈ ഐ പി എൽ സീസണിൽ 14 മത്സരങ്ങളിൽ നിന്നും 22 വിക്കറ്റ് ഉമ്രാൻ മാലിക്ക് നേടിയിരുന്നു. സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ നാലാമത്തെ ബൗളറും ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ പേസറും കൂടിയാണ് ഉമ്രാൻ മാലിക്ക്.

” ഉമ്രാൻ മാലിക്ക് ഇന്ത്യൻ ടീമിലെ ആവേശത്തോടെ നോക്കികാണുന്ന ഫാസ്റ്റ് ബൗളറാണ്. ഐ പി എല്ലിലൂടെ ഇത്തരത്തിലുള്ള ഫാസ്റ്റ് ബൗളർമാരെ കണ്ടെത്താൻ ഇന്ത്യയ്ക്ക് സാധിക്കുന്നുണ്ട്. ”

” സൗത്താഫ്രിക്കയിൽ ഞങ്ങൾ ചെറുപ്പം മുതൽ ഇത്തരത്തിലുള്ള ഫാസ്റ്റ് ബൗളർമാരെ നേരിട്ടുകൊണ്ടാണ് വളരുന്നത്. പക്ഷേ ഒരു ബാറ്റ്സ്മാനും 150 കിലോമീറ്റർ വേഗതയിൽ വരുന്ന പന്തുകൾ നേരിടാൻ ഇഷ്ടപെടുന്നില്ല. എന്നാൽ കഴിയാവുന്നത്രയും ഈ വെല്ലുവിളി നേരിടാൻ തയ്യാറെടുക്കേണ്ടതുണ്ട്. ” ബാവുമ പറഞ്ഞു.

” 150 കിലോമീറ്റർ വേഗതയിൽ എറിയാൻ കഴിവുള്ള ബൗളർമാർ ഞങ്ങളുടെ പക്കലുമുണ്ട്. അതുകൊണ്ട് തന്നെ ഞങ്ങളുടെ പക്കലും അയുധങ്ങളുണ്ട്. എന്നാൽ ഇന്ത്യയെ സംബന്ധിച്ച് ഉമ്രാൻ മാലിക്ക് പ്രത്യേക പ്രതിഭയാണ്. ഐ പി എല്ലിലെ പ്രകടനം അന്താരാഷ്ട്ര ക്രിക്കറ്റിലും അവന് ആവർത്തിക്കാൻ സാധിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ” ബാവുമ കൂട്ടിചേർത്തു.

സൗത്താഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള 5 മത്സരങ്ങളുടെ ടി20 പരമ്പര ജൂൺ ഒമ്പതിന് ഡൽഹിയിലാണ് ആരംഭിക്കുന്നത്. രോഹിത് ശർമ്മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ അടക്കമുള്ള മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിച്ച പരമ്പരയിൽ കെ എൽ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. റിഷഭ് പന്താണ് വൈസ് ക്യാപ്റ്റൻ.