Skip to content

അവൻ കഴിവുറ്റ കളിക്കാരനാണ്, റിയാൻ പരാഗിനെ പിന്തുണച്ച് രാജസ്ഥാൻ റോയൽസ് ഹെഡ് കോച്ച് കുമാർ സംഗക്കാര

ഐ പി എല്ലിലെ മോശം പ്രകടനത്തിന് പുറകെ വിമർശനങ്ങൾ ഏറ്റുവാങ്ങികൊണ്ടിരിക്കുന്ന റിയാൻ പരാഗിനെ പിന്തുണച്ച് രാജസ്ഥാൻ റോയൽസ് ഹെഡ് കോച്ച് കുമാർ സംഗക്കാര. സീസണിൽ 17 മത്സരങ്ങളിൽ നിന്നും ഒരു ഫിഫ്റ്റിയടക്കം 183 റൺസ് മാത്രമാണ് നേടിയത്. ഫൈനൽ പോരാട്ടത്തിലും മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചില്ല.

” എല്ലാ മേഖലകളിലും ഞങ്ങൾ വളരെയേറെ മെച്ചപെടാനുണ്ട്. ബാറ്റിങ് എടുത്തുനോക്കിയാൽ ജോസ് ബട്ട്ലർ, സഞ്ജു സാംസൺ, ഷിംറോൺ ഹെറ്റ്മയർ എന്നിവരിൽ നിന്നും ആദ്യ ഘട്ടങ്ങളിൽ വലിയ സംഭാവന ഞങ്ങൾക്ക് ലഭിച്ചു. റിയാൻ പരാഗും ദേവ്ദത് പടിക്കലും ചില അവസരങ്ങളിൽ നന്നായി കളിച്ചു. പക്ഷേ മൊത്തത്തിലുള്ള പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ ഞങ്ങൾ ഇനിയും മെച്ചപെടേണ്ടതുണ്ട്. ”

” റിയാൻ പരാഗ് വലിയ കഴിവുകളുള്ള താരമാണ്. അടുത്ത സീസണിൽ ടോപ്പ് ഓർഡറിൽ അവന് ഞങ്ങൾ അവസരം നൽകും. വെറുമൊരു ഡെത്ത് ഹിറ്റർ എന്നതിലുപരി ഒരു മികച്ച മധ്യനിര ബാറ്റ്സ്മാനായി അവനെ മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം സ്പിന്നിനെതിരെയും പേസിനെതിരെയും ഒരുപോലെ പ്രാഗൽഭ്യമുള്ളവനാണ് അവനെന്ന് ഞാൻ കരുതുന്നു. ” കുമാർ സംഗക്കാര പറഞ്ഞു.

ഐ പി എല്ലിൽ ഇതുവരെ രാജസ്ഥാൻ റോയൽസിനായി 47 മത്സരങ്ങൾ കളിച്ച താരം 16.84 ശരാശരിയിൽ 2 ഫിഫ്റ്റിയടക്കം 522 റൺസ് മാത്രമാണ് നേടിയിട്ടുള്ളത്. 25 ഓവറുകൾ എറിഞ്ഞ താരത്തിന് നാല് വിക്കറ്റ് മാത്രമാണ് ഐ പി എൽ കരിയറിൽ നേടാൻ സാധിച്ചിട്ടുള്ളത്.