Skip to content

ജോസ് ദി ബോസ്, ബട്ട്ലറുടെ സെഞ്ചുറി മികവിൽ ബാംഗ്ലൂരിനെ തകർത്ത് തരിപ്പണമാക്കി രാജസ്ഥാൻ റോയൽസ് ഫൈനലിൽ

ഐ പി എൽ പതിനഞ്ചാം സീസണിലെ ഫൈനൽ പോരാട്ടം ഗുജറാത്ത് ടൈറ്റൻസും രാജസ്ഥാൻ റോയൽസും തമ്മിൽ. രണ്ടാം ക്വാളിഫയറിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 7 വിക്കറ്റിന് തകർത്താണ് രാജസ്ഥാൻ റോയൽസ് ഫൈനൽ യോഗ്യത നേടിയത്. ഐ പി എൽ ഉദ്ഘാടന സീസണിന് ശേഷം ഇതാദ്യമായാണ് രാജസ്ഥാൻ റോയൽസ് ഫൈനലിൽ പ്രവേശിക്കുന്നത്.

മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ 158 റൺസിൻ്റെ വിജയലക്ഷ്യം സെഞ്ചുറി നേടിയ ജോസ് ബട്ട്ലറുടെ മികവിൽ 18.1 ഓവറിൽ രാജസ്ഥാൻ റോയൽസ് മറികടന്നു. സീസണിലെ തൻ്റെ നാലാം സെഞ്ചുറിയാണ് ജോസ് ബട്ട്ലർ മത്സരത്തിൽ കുറിച്ചത്.

തകർപ്പൻ തുടക്കമാണ് ജോസ് ബട്ട്ലറും യശസ്വി ജയ്സ്വാളും രാജസ്ഥാൻ റോയൽസിന് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 61 റൺസ് ഇരുവരും കൂട്ടിചേർത്തു. 13 പന്തിൽ 21 റൺസ് നേടിയ ജയ്സ്വാൾ പുറത്തായ ശേഷം ക്യാപ്റ്റൻ സഞ്ജു സാംസണെ കൂട്ടുപിടിച്ച് ബട്ട്ലർ ടീമിനെ വിജയത്തിലേക്ക് നയിച്ചു. സഞ്ജു 21 പന്തിൽ 23 റൺസ് നേടി പുറത്തായപ്പോൾ ജോസ് ബട്ട്ലർ 60 പന്തിൽ 10 ഫോറും 6 സിക്സുമടക്കം പുറത്താകാതെ 106 റൺസ് നേടി.

ആർ സീ ബിയ്ക്ക് വേണ്ടി ജോഷ് ഹേസൽവുഡ് നാലോവറിൽ നാലോവറിൽ 23 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിനെ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ പ്രസീദ് കൃഷ്ണയും ഓബഡ് മക്കോയുമാണ് കുറഞ്ഞ സ്കോറിൽ ഒതുക്കിയത്. 42 പന്തിൽ 58 റൺസ് നേടിയ രജത് പതിദാർ മാത്രമാണ് ആർ സീ ബി നിരയിൽ തിളങ്ങിയത്. മാക്സ്വെൽ 24 റൺസും ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് 25 റൺസും നേടിയപ്പോൾ വിരാട് കോഹ്ലി 7 റൺസ് നേടി പുറത്തായി.

മേയ് 29 ന് അഹമ്മദാബാദ് നരേന്ദ്ര മോഡി സ്റ്റേഡിയത്തിലാണ് ഗുജറാത്ത് ടൈറ്റൻസും രാജസ്ഥാൻ റോയൽസും തമ്മിലുള്ള ഫൈനൽ പോരാട്ടം നടക്കുന്നത്.