Skip to content

നാലാം സെഞ്ചുറിയുമായി ജോസ് ബട്ട്ലർ, ചരിത്ര നേട്ടത്തിൽ വിരാട് കോഹ്ലിയ്ക്കൊപ്പം

തകർപ്പൻ സെഞ്ചുറി നേടിയ ജോസ് ബട്ട്ലറുടെ ചിറകിലേറി ഐ പി എൽ പതിനഞ്ചാം സീസണിലെ ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. ആർ സീ ബിയ്ക്കെതിരെ ഏകപക്ഷീയമായി 7 വിക്കറ്റിൻ്റെ വിജയം നേടിയാണ് രാജസ്ഥാൻ റോയൽസ് ഫൈനലിൽ പ്രവേശിച്ചത്. മത്സരത്തിലെ സെഞ്ചുറിയോടെ ഐ പി എല്ലിൽ വമ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ജോസ് ബട്ട്ലർ.

59 പന്തിൽ നിന്നും സെഞ്ചുറി നേടിയ ജോസ് ബട്ട്ലർ 60 പന്തിൽ 10 ഫോറും 6 സിക്സുമടക്കം 106 റൺസ് നേടി പുറത്താകാതെ നിന്നു. സീസണിലെ ബട്ട്ലറുടെ നാലാം സെഞ്ചുറിയാണിത്. ഇതോടെ ഒരു ഐ പി എൽ സീസണിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ബാറ്റ്സ്മാനെന്ന നേട്ടത്തിൽ വിരാട് കോഹ്ലിയ്ക്കൊപ്പം ജോസ് ബട്ട്ലറെത്തി. 2016 സീസണിലാണ് നാല് സെഞ്ചുറി വിരാട് കോഹ്ലി നേടിയത്.

സീസണിൽ മുംബൈ ഇന്ത്യൻസിനെതിരെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയും ഡൽഹി ക്യാപിറ്റൽസിനെതിരെയുമാണ് ബട്ട്ലർ സെഞ്ചുറി നേടിയത്. ഐ പി എല്ലിലെ ബട്ട്ലറുടെ അഞ്ചാം സെഞ്ചുറി കൂടിയാണിത്. ഇതോടെ ഐ പി എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയവരുടെ പട്ടികയിൽ അഞ്ച് സെഞ്ചുറി നേടിയ വിരാട് കോഹ്ലിയ്ക്കൊപ്പം ബട്ട്ലറെത്തി. 6 സെഞ്ചുറി നേടിയ ക്രിസ് ഗെയ്ൽ മാത്രമാണ് ഇരുവർക്കും മുൻപിലുള്ളത്.

സീസണിൽ ഇതുവരെ 824 റൺസ് ജോസ് ബട്ട്ലർ നേടിയിട്ടുണ്ട്. ഇതോടെ ഒരു സീസണിൽ 800 ലധികം റൺസ് നേടുന്ന മൂന്നാമത്തെ ബാറ്റ്സ്മാനായി ബട്ട്ലർ മാറി. 2016 ൽ 973 റൺസ് നേടിയ വിരാട് കോഹ്ലിയും അതേ സീസണിൽ 848 റൺസ് നേടിയ ഡേവിഡ് വാർണറുമാണ് ഇതിനുമുൻപ് ഒരു സീസണിൽ 800 ലധികം റൺസ് നേടിയിട്ടുള്ളത്.