Skip to content

കില്ലർ മില്ലർ, രാജസ്ഥാൻ റോയൽസിനെ തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ

ക്വാളിഫയർ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് ഫൈനലിൽ പ്രവേശിച്ച് ഗുജറാത്ത് ടൈറ്റൻസ്. ഡേവിഡ് മില്ലറുടെ തകർപ്പൻ ബാറ്റിങ് മികവിലാണ് ആവേശവിജയം നേടി ടൈറ്റൻസ് ഫൈനലിൽ പ്രവേശിച്ചത്.

മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 189 റൺസിൻ്റെ വിജയലക്ഷ്യം 19.3 ഓവറിൽ ഗുജറാത്ത് ടൈറ്റൻസ് മറികടന്നു. അവസാന ഓവറിൽ 16 റൺസ് വേണമെന്നിരിക്കെ പ്രസീദ് കൃഷ്ണയുടെ അവസാന ഓവറിലെ ആദ്യ മൂന്ന് പന്തിൽ തുടർച്ചയായി സിക്സ് പറത്തിയാണ് മില്ലർ ടൈറ്റൻസിനെ വിജയത്തിലെത്തിച്ചത്.

ഡേവിഡ് മില്ലർ 38 പന്തിൽ 3 ഫോറും 5 സിക്സുമടക്കം 68 റൺസും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 27 പന്തിൽ 40 റൺസും നേടി പുറത്താകാതെ നിന്നു. ശുഭ്മാൻ ഗിൽ 21 പന്തിൽ 35 റൺസും മാത്യൂ വേഡ് 30 പന്തിൽ 35 റൺസും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് 56 പന്തിൽ 12 ഫോറും 2 സിക്സുമടക്കം 89 റൺസ് നേടിയ ജോസ് ബട്ട്ലർ, 26 പന്തിൽ 5 ഫോറും 3 സിക്സുമടക്കം 47 റൺസ് നേടിയ സഞ്ജു സാംസൺ, 20 പന്തിൽ 28 റൺസ് നേടിയ ദേവ്ദത് പടിക്കൽ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്.

നാളെ നടക്കുന്ന എലിമിനേറ്ററിൽ വിജയിക്കുന്ന ടീമിനെയായിരിക്കും 27 ന് നടക്കുന്ന രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസ് നേരിടുക. മേയ് 29 നാണ് ഫൈനൽ പോരാട്ടം.