Skip to content

റണ്ണിനായി ഓടിയെത്തി റിയാൻ പരാഗ്, ഇടംവലം അനങ്ങാതെ അശ്വിൻ, വീഡിയോ കാണാം

ഈ ഐ പി എൽ സീസണിൽ സമൂഹ മാധ്യമങ്ങളിൽ ഏറ്റവുമധികം നിറഞ്ഞുനിന്ന താരങ്ങളിൽ ഒരാളാണ് രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്. ടൂർണമെൻ്റ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ വീണ്ടും ട്രോളുകൾ ഏറ്റുവാങ്ങിയിരിക്കുകയാണ് റിയാൻ പരാഗ്.

ഗുജറാത്ത് ടൈറ്റൻസിനെതിരായ ക്വാളിഫയർ പോരാട്ടത്തിലെ രാജസ്ഥാൻ റോയൽസ് ഇന്നിങ്സിൻ്റെ അവസാന ഓവറിലാണ് സംഭവം അരങ്ങേറിയത്. ഓവറിലെ അവസാന പന്തിൽ ബട്ട്ലർ റണ്ണൗട്ടാവുകയും അമ്പയർ നോ ബോൾ വിധിച്ചതോടെ ഫ്രീ ഹിറ്റ് നേരിടാനായി അശ്വിൻ ക്രീസിൽ എത്തുകയും ചെയ്തു. യാഷ് ദയാൽ എറിഞ്ഞ ഫ്രീ ഹിറ്റ് ബോൾ വൈഡ് ലൈനിന് പുറത്തുപോയി വിക്കറ്റ് കീപ്പറുടെ കൈകളിൽ എത്തുകയും ചെയ്തു. എന്നാൽ ഇതിനിടെ റിയാൻ പരാഗ് റണ്ണിനായി ഓടിയെത്തിയെങ്കിലും ഓടുവാൻ അശ്വിൻ തയ്യാറായില്ല. സമയം പാഴാക്കാതെ സാഹ പന്ത് ബൗളർക്ക് എറിഞ്ഞുകൊടുക്കുകയും ബൗളർ അനായാസം റണ്ണൗട്ടാക്കുകയും ചെയ്തു.

ദേഷ്യത്തോടെയാണ് പരാഗ് കളിക്കളത്തിൽ നിന്നും മടങ്ങിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് 26 പന്തിൽ 5 ഫോറും 3 സിക്സുമടക്കം 47 റൺസ് നേടിയ സഞ്ജു സാംസൻ്റെയും 56 പന്തിൽ 12 ഫോറും രണ്ട് സിക്സുമടക്കം 89 റൺസ് നേടിയ ജോസ് ബട്ട്ലറുടെയും മികവിലാണ് മികച്ച സ്കോർ നേടിയത്. ദേവ്ദത് പടിക്കൽ 20 പന്തിൽ 28 റൺസ് നേടി. നാലോവറിൽ 15 റൺസ് മാത്രം വഴങ്ങിയ റാഷിദ് ഖാൻ മാത്രമാണ് ഗുജറാത്ത് നിരയിൽ മികവ് പുലർത്തിയത്.