Skip to content

രഹാനെയെ പിന്നിലാക്കി, ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് സഞ്ജു സാംസൺ

തകർപ്പൻ പ്രകടനമാണ് ഗുജറാത്ത് ടൈറ്റൻസിനെതിരായ ക്വാളിഫയർ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ കാഴ്ച്ചവെച്ചത്. മത്സരത്തിലെ പ്രകടനത്തോടെ തകർപ്പൻ നേട്ടവും സഞ്ജു സാംസൺ സ്വന്തം പേരിൽ കുറിച്ചു.

രണ്ടാം ഓവറിൽ തന്നെ ഓപ്പണർ ജയ്സ്വാളിനെ നഷ്ടപെട്ട രാജസ്ഥാൻ റോയൽസിനെ മത്സരത്തിൽ തിരിച്ചെത്തിച്ചത് സഞ്ജു സാംസൻ്റെ ഇന്നിങ്സായിരുന്നു. 26 പന്തിൽ 5 ഫോറും 3 സിക്സുമടക്കം 47 റൺസ് നേടിയാണ് സഞ്ജു സാംസൺ പുറത്തായത്. സഞ്ജുവിനൊപ്പം 56 പന്തിൽ 12 ഫോറും രണ്ട് സിക്സുമടക്കം 89 റൺസ് നേടിയ ജോസ് ബട്ട്ലറിൻ്റെ മികവിൽ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് രാജസ്ഥാൻ റോയൽസ് നേടി.

മത്സരത്തിലെ പ്രകടനത്തോടെ ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡ് സഞ്ജു സാംസൺ സ്വന്തമാക്കി. 2810 റൺസ് നേടിയ അജിങ്ക്യ രഹാനെയെയാണ് സഞ്ജു സാംസൺ പിന്നിലാക്കിയത്. 2372 റൺസ് നേടിയ ഷെയ്ൻ വാട്സനാണ് ഈ നേട്ടത്തിൽ മൂന്നാം സ്ഥാനത്തുള്ളത്.

സീസണിൽ 15 മത്സരങ്ങളിൽ നിന്നും 150.36 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 421 റൺസ് സഞ്ജു സാംസൺ നേടിയിട്ടുണ്ട്. സഞ്ജു സാംസണെ കൂടാതെ രാഹുൽ ത്രിപാതി മാത്രമാണ് ഈ സീസണിൽ 150 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 400 + റൺസ് നേടിയിട്ടുള്ള ഇന്ത്യൻ ബാറ്റ്സ്മാൻ.