Skip to content

അവനെ പോലെയൊരു കളിക്കാരെ ചെന്നൈ സൂപ്പർ കിങ്സ് കണ്ടെത്തേണ്ടതുണ്ട് ; രവി ശാസ്ത്രി

ഇനി വരുന്ന ഐ പി എൽ സീസണുകളിൽ മികച്ച പ്രകടനം പുറത്തെടുക്കണമെങ്കിൽ സുരേഷ് റെയ്നയെ പോലെയൊരു കളിക്കാരനെ ചെന്നൈ സൂപ്പർ കിങ്സ് കണ്ടുപിടിക്കേണ്ടതുണ്ടെന്ന് മുൻ ഇന്ത്യൻ ഹെഡ് കോച്ചും കമൻ്റേറ്ററുമായ രവി ശാസ്ത്രി. ഈ സീസണിൽ 14 മത്സരങ്ങളിൽ നിന്നും നാല് വിജയം മാത്രം നേടി ഒമ്പതാം സ്ഥാനക്കാരായാണ് ചെന്നൈ സൂപ്പർ കിങ്സ് ഫിനിഷ് ചെയ്തത്.

ഐ പി എൽ ചരിത്രത്തിൽ രണ്ട് സീസണിൽ മാത്രമാണ് ചെന്നൈ സൂപ്പർ കിങ്സിന് പ്ലേയോഫിൽ പ്രവേശിക്കാൻ സാധിക്കാതിരുന്നിട്ടുള്ളത്. ഈ രണ്ട് സീസണുകളിലും സുരേഷ് റെയ്ന ടീമിൻ്റെ ഭാഗമായിരുന്നില്ല.

” ചെന്നൈ സൂപ്പർ കിങ്സ് വർഷങ്ങളായി മികച്ച പ്രകടനം പുറത്തെടുക്കുന്നു. പക്ഷേ അവരുടെ ഈ പ്രകടനത്തിൽ സുരേഷ് റെയ്നയുടെ സംഭാവന നമ്മൾ പലപ്പോഴും മറക്കുന്നു. ഐ പി എല്ലിൽ കഴിവ് തെളിയിച്ച താരമാണ് സുരേഷ് റെയ്ന. മൂന്നാം നമ്പറിൽ സ്ഥിരതയോടെ അവൻ ബാറ്റ് ചെയ്തു. മറ്റുള്ള ബാറ്റ്സ്മാന്മാർക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി. അത്തരത്തിലൊരു കളിക്കാരെനെ അവർ കണ്ടെത്തണം. റായുഡുവും ഉത്തപ്പയും കളിക്കുമെങ്കിലും അത്തരത്തിലൊരു കളിക്കാരൻ്റെ സാന്നിധ്യം അവർക്ക് ആവശ്യമാണ്. ” രവി ശാസ്ത്രി പറഞ്ഞു.

ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി 186 മത്സരങ്ങളിൽ നിന്നും 4678 റൺസ് സുരേഷ് റെയ്ന നേടിയിട്ടുണ്ട്. കഴിഞ്ഞ സീസൺ ഒഴികെ കളിച്ച എല്ലാ സീസണിലും 300 ലധികം റൺസ് സുരേഷ് റെയ്ന നേടിയിട്ടുണ്ട്. ഐ പി എൽ പ്ലേയോഫുകളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാനും കൂടിയാണ് സുരേഷ് റെയ്ന.