Skip to content

കോഹ്ലി ക്യാപ്റ്റൻ സ്ഥാനത്തുനിന്നും മാറിയത് ആർ സീ ബിയ്ക്ക് ഗുണകരമായി : വീരേന്ദർ സെവാഗ്

റോയൽ ചലഞ്ചേ്സ് ബാംഗ്ലൂരിൻ്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും വിരാട് കോഹ്ലി പിൻമാറിയത് ടീമിന് ഗുണകരമായെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. കഴിഞ്ഞ സീസണുകളിൽ നിന്നും വ്യത്യസ്തമായി ഈ സീസണിൽ കളിക്കാരെ ആർ സീ ബി കൂടുതലായി പിന്തുണയ്ക്കുന്നുണ്ടെന്നും അതിന് കാരണം നേതൃത്വനിരയിൽ വന്ന മാറ്റമാണെന്നും സെവാഗ് അഭിപ്രായപെട്ടു.

” ഹെഡ് കോച്ചായി സഞ്ജയ് ബംഗാറിൻ്റെയും പുതിയ ക്യാപ്റ്റൻ്റെയും വരവ് ആർ സീ ബിയുടെ ചിന്താഗതിയെ തന്നെ മാറ്റിമറിച്ചു. രണ്ടോ മൂന്നോ കളികളിൽ മോശം പ്രകടനം പുറത്തെടുത്താൽ വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയിൽ കളിക്കാരെ പുറത്താക്കുമായിരുന്നു. എന്നാൽ ബംഗാറും ഡുപ്ലെസിസും സീസണിൽ ഉടനീളം സ്ഥിരത പുലർത്തിയിട്ടുണ്ട്. പടിന്ദറും അനുജ് റാവത്തും ഒഴികെ മോശം പ്രകടനം കാരണം മറ്റൊരു മാറ്റവും അവർ വരുത്തിയിട്ടില്ല. ” സെവാഗ് പറഞ്ഞു.

കഴിഞ്ഞ സീസണുകളിൽ എല്ലാം വിരാട് കോഹ്ലിയെയും എ ബി ഡിവില്ലിയേഴ്‌സിനെയും ആർ സീ ബി കൂടുതലായി ആശ്രയിച്ചിരുന്നുവെന്നും എന്നാൽ ദിനേശ് കാർത്തിക്കിൻ്റെയും ഗ്ലെൻ മാക്സ്‌വെല്ലിൻ്റെയും സാന്നിധ്യം അതിൽ മാറ്റമുണ്ടാക്കിയെന്നും സെവാഗ് പറഞ്ഞു.

” കഴിഞ്ഞ സീസൺ വരെ വിരാട് കോഹ്ലിയെയും ഡിവില്ലിയേഴ്സിനെയും പുറത്താക്കിയാൽ എതിർടീമുകൾക്ക് ആർ സീ ബിയ്ക്കെതിരെ വിജയം ഉറപ്പിക്കാമായിരുന്നു. പക്ഷേ ഇപ്പോൾ ബൗളിങ് പരിഗണിക്കാതെ തന്നെ നാല് പ്രധാന താരങ്ങൾ അവർക്കുണ്ട്. ദിനേശ് കാർത്തിക്കിൻ്റെയും ഗ്ലെൻ മാക്സ്വെല്ലിൻ്റെയും സാന്നിധ്യവും മറ്റുള്ളവർ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തുടങ്ങിയതും ഇത് ആർ സീ ബിയുടെ വർഷമാണെന്ന് സൂചിപ്പിക്കുന്നു. ” സെവാഗ് കൂട്ടിച്ചേർത്തു.

സീസണിൽ 14 മത്സരങ്ങളിൽ എട്ട് മത്സരങ്ങളിൽ വിജയിച്ച് നാലാം സ്ഥാനക്കാരായാണ് ബാംഗ്ലൂർ പ്ലേയോഫിൽ പ്രവേശിച്ചത്. എലിമിനേറ്ററിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സാണ് ആർ സീ ബിയുടെ എതിരാളി.