ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിൽ അൺസോൾഡായത് ഗുണകരമായെന്ന് ഇന്ത്യൻ സീനിയർ ബാറ്റ്സ്മാൻ ചേതേശ്വർ പുജാര. ഐ പി എല്ലിൽ ഒരു ടീമും എടുക്കാതിരുന്നതിനാലാണ് കൗണ്ടിയിൽ കളിക്കാൻ തനിക്ക് അവസരം ലഭിച്ചതെന്നും അത് ഇന്ത്യൻ ടീമിൽ തിരിച്ചെത്താൻ സഹായിച്ചുവെന്നും പുജാര പറഞ്ഞു.
കൗണ്ടിയിൽ 5 മത്സരങ്ങളിൽ നിന്നും 120 മുകളിൽ ശരാശരിയിൽ 720 റൺസ് ചേതേശ്വർ പുജാര നേടിയിരുന്നു. ഈ പ്രകടനത്തിൻ്റെ പിൻബലത്തിലാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ താരം ഇടം നേടിയത്.

” തിരിഞ്ഞുനോക്കിയാൽ ഒരു കാര്യം ഉറപ്പാണ്, ഏതെങ്കിലും ഐ പി എൽ ടീം എന്നെ സ്വന്തമാക്കിയിരുന്നാലും എനിക്ക് മത്സരങ്ങൾ ഒന്നും തന്നെ ലഭിക്കുകയില്ലായിരുന്നു. നെറ്റ്സിൽ പ്രാക്ടീസ് ചെയ്യുവാൻ മാത്രമെ എനിക്ക് സാധിക്കുമായിരുന്നുള്ളൂ. മത്സരം കളിക്കുന്നതും നെറ്റ്സിൽ പരിശീലിക്കുന്നതും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. അതുകൊണ്ട് തന്നെ കൗണ്ടി ഓഫർ വന്നപ്പോൾ ഞാൻ യെസ് പറഞ്ഞു. ഞാൻ സമ്മതം മൂളിയതിന് കാരണം എൻ്റെ പഴയ താളം വീണ്ടെടുക്കാൻ വേണ്ടിയാണ്. ” പുജാര പറഞ്ഞു.

” ഞാൻ വളരെ പോസിറ്റീവായിരുന്നു. കൗണ്ടിയിലെ പ്രകടനം മികച്ചതായതോടെ ഇന്ത്യൻ ടീമിൽ തിരിച്ചെത്തുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. പക്ഷേ കൗണ്ടിയിൽ കളിക്കാൻ പോയത് ആ പ്രതീക്ഷ മനസ്സിൽ വെച്ചുകൊണ്ടായിരുന്നില്ല. എനിക്ക് എൻ്റെ ഫോം കണ്ടെത്താൻ ആഗ്രഹമുണ്ടായിരുന്നു. ഒരു വലിയ ഇന്നിങ്സിലൂടെ അത് വീണ്ടെടുക്കാൻ സാധിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ”
” ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപെട്ടതിലും കൗണ്ടി ക്രിക്കറ്റിലെ എൻ്റെ പ്രകടനങ്ങൾ അംഗീകരിക്കപെട്ടതിലും സന്തോഷമുണ്ട്. കൗണ്ടി മത്സരങ്ങളിൽ മധ്യനിരയിൽ കൂടുതൽ സമയം ചിലവഴിച്ചതിനാൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ അതെന്നെ സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ” പുജാര കൂട്ടിച്ചേർത്തു.
