Skip to content

എനിക്ക് പാകിസ്ഥാന് വേണ്ടി കളിച്ചാൽ മതി, അവസരം ലഭിച്ചാൽ ഐ പി എല്ലിൽ കളിക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകി ഷഹീൻ അഫ്രീദി

ഇന്ത്യൻ പ്രീമിയർ ലീഗിൽ പാകിസ്ഥാൻ താരങ്ങൾ കളിക്കുന്നതിനെ കുറിച്ചുള്ള തൻ്റെ കാഴ്ച്ചപാടുകൾ പങ്കിട്ട് പാകിസ്ഥാൻ സ്റ്റാർ പേസർ ഷഹീൻ അഫ്രീദി. ആദ്യ ഐ പി എൽ സീസണിൽ മാത്രമാണ് പാക് താരങ്ങൾ ഐ പി എല്ലിൽ കളിച്ചത്. തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനെ തുടർന്ന് പാക് കളിക്കാരെ ഐ പി എല്ലിൽ നിന്നും വിലക്കുകയായിരുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗ് ഉദ്ഘാടന സീസണിൽ ഷോയിബ് അക്തർ, സോഹൈൽ തൻവീർ, ഷാഹിദ് അഫ്രീദി, മിസ്ബാ ഉൾ ഹഖ്, സൽമാൻ ബാട്ട്, ഉമർ ഗുൽ തുടങ്ങിയ താരങ്ങൾ ടീമുകൾക്ക് വേണ്ടി കളിച്ചിരുന്നു. പാക് പേസറായിരുന്ന സോഹൈൽ തൻവീറാണ് ആദ്യ സീസണിൽ പർപ്പിൾ ക്യാപ് നേടിയത്.

അടുത്തിടെ നടന്ന വാർത്താസമ്മേളനത്തിലാണ് അവസരം വന്നുചേരുകയാണെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗായ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുമോയെന്ന ചോദ്യം താരത്തിന് മുൻപിലെത്തിയത്. ഷഹീൻ അഫ്രീദിയുടെ മറുപടി ഇപ്രകാരായിരുന്നു.

” സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കുകയെന്നത് ഏതൊരു ക്രിക്കറ്റർക്കും അഭിമാന നിമിഷമമാണ്. അതുകൊണ്ട് തന്നെ എൻ്റെ മുൻഗണന എപ്പോഴും പാകിസ്ഥാനാണ്. ഞാനിപ്പോൾ പാകിസ്ഥാന് വേണ്ടി മൂന്ന് ഫോർമാറ്റിൽ കളിക്കുന്നുണ്ട്, അതിനൊപ്പം പാകിസ്ഥാൻ സൂപ്പർ ലീഗിലും. എനിക്കിപ്പോൾ ഇത്രയും മതി. ” ഷഹീൻ അഫ്രീദി പറഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസൺ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ലീഗ് പോരാട്ടങ്ങൾക്കൊടുവിൽ ഗുജറാത്ത് ടൈറ്റൻസ്, രാജസ്ഥാൻ റോയൽസ്, ലഖ്നൗ സൂപ്പർ ജയൻ്റ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ ടീമുകളാണ് പ്ലേയോഫിൽ പ്രവേശിച്ചത്. രാജസ്ഥാൻ റോയൽസും ഗുജറാത്ത് ടൈറ്റൻസും തമ്മിലാണ് ക്വാളിഫയർ പോരാട്ടം. എലിമിനേറ്ററിൽ ലഖ്നൗവും ആർ സീ ബിയും ഏറ്റുമുട്ടും.