Skip to content

ചെന്നൈയ്ക്ക് നന്ദി പറയാതെ പോകാനാകുമോ, അടുത്ത സീസണിൽ കളിക്കുമെന്ന ഉറപ്പുനൽകി എം എസ് ധോണി

ആരാധകരുടെ ആശങ്കകൾക്ക് വിരാമമിട്ട് അടുത്ത ഐ പി എൽ സീസണിലും മഞ്ഞകുപ്പായത്തിൽ താൻ കാണുമെന്ന് വ്യക്തമാക്കി ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം എസ് ധോണി. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലെ ടോസിന് ശേഷമാണ് ധോണി ഇക്കാര്യം വ്യക്തമാക്കിയത്.

” തീർച്ചയായും. ഇതൊരു ലളിതമായ കാരണമാണ്. ചെന്നൈയിൽ കളിക്കാതിരിക്കുകയും അവരോട് നന്ദി പറയാതിരിക്കുകയും ചെയ്യുന്നത് അനീതിയായിരിക്കും. ഒരു ടീമെന്ന നിലയിലും വ്യക്തിയെന്ന നിലയിലും എനിക്ക് ഒരുപാട് സ്നേഹവും വാത്സല്യവും ലഭിച്ചിട്ടുള്ള സ്ഥലമാണ് മുംബൈ. എന്നാൽ ഇവിടെ കളി അവസാനിപ്പിക്കുന്നത് സി എസ് കെ ആരാധകർക്ക് നല്ലതായിരിക്കില്ല. ”

” കൂടാതെ അടുത്ത സീസണിൽ ടീമുകൾക്ക് യാത്ര ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കിൽ കളിക്കുന്ന വ്യത്യസ്ത സ്ഥലങ്ങൾക്കുള്ള നന്ദി പറച്ചിലായിരിക്കുമത്. ഇതെൻ്റെ അവസാന വർഷമായിരിക്കുമോ അല്ലയോ എന്നത് വലിയ ചോദ്യമാണ്. കാരണം രണ്ട് വർഷത്തിൽ എന്തുസംഭവിക്കുമെന്ന് നമുക്ക് പ്രവചിക്കാൻ കഴിയില്ല. പക്ഷേ തീർച്ചയായും അടുത്ത വർഷം ശക്തമായി തിരിച്ചുവരാൻ കഠിനമായി ഞാൻ പരിശ്രമിക്കും. ” എം എസ് ധോണി പറഞ്ഞു.

സീസണിൽ 13 മത്സരങ്ങളിൽ നിന്നും നാല് വിജയം മാത്രമാണ് ചെന്നൈ സൂപ്പർ കിങ്സ് വിജയിച്ചത്. ആദ്യ എട്ട് മത്സരങ്ങളിൽ രവീന്ദ്ര ജഡേജയാണ് ചെന്നൈ സൂപ്പർ കിങ്സിനെ നയിച്ചത്. പിന്നീട് ടീമിൻ്റെ മോശം പ്രകടനത്തെ തുടർന്ന് ജഡേജ ക്യാപ്റ്റൻ സ്ഥാനം ധോണിയെ തിരികെ ഏൽപ്പിക്കുകയായിരുന്നു. ധോണി നയിച്ച അഞ്ച് മത്സരങ്ങളിൽ രണ്ട് മത്സരങ്ങളിൽ ചെന്നൈ വിജയിച്ചപ്പോൾ മൂന്നെണ്ണത്തിൽ ടീം പരാജയപെട്ടു.