Skip to content

ടീമിന് വേണ്ടിയൊന്നും ചെയ്യാൻ സാധിക്കാതിരുന്നതാണ് എന്നെ നിരാശനാക്കിയത്, ഗുജറാത്ത് ടൈറ്റൻസിനെതിരായ ഫിഫ്റ്റിയെ കുറിച്ച് വിരാട് കോഹ്ലി

ഗുജറാത്ത് ടൈറ്റൻസിനെതിരെ തകർപ്പൻ ഫിഫ്റ്റി നേടികൊണ്ട് ഫോമിൽ തിരിച്ചെത്തിയിരിക്കുകയാണ് വിരാട് കോഹ്ലി. മോശം ഫോമിൽ ആയിരുന്നപ്പോൾ തന്നെ നിരാശനാക്കിയത് കണക്കുകളോ വിമർശനങ്ങളോ അല്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് വിരാട് കോഹ്ലി. പ്രതീക്ഷകൾക്കൊത്തുയരാൻ കഠിനപ്രയത്നം ചെയ്തുവെന്നും ഇന്നലെ മാത്രം 90 മിനിറ്റ് താൻ നെറ്റ്സിൽ ബാറ്റ് ചെയ്തുവെന്നും കോഹ്ലി പറഞ്ഞു.

” എനിക്ക് തുടരാം. ഇതൊരു പ്രധാനപെട്ട മത്സരമായിരുന്നു. എൻ്റെ ടീമിനായി കാര്യമായൊന്നും ചെയ്യാൻ സാധിക്കാത്തതിൽ ഞാൻ നിരാശനായിരുന്നു. കണക്കുകളോ പുറത്തുനിന്നുള്ള വിമർശനങ്ങളോ അല്ല, അതായിരുന്നു എന്നെ അലട്ടിയിരുന്നത്. ”

” ഇന്നത്തെ മത്സരത്തിൽ എനിക്ക് സ്വാധീനം ചെലുത്തുവാൻ സാധിച്ചു. ടീമിനെ മികച്ച നിലയിൽ എത്തിക്കുവാൻ കഴിഞ്ഞു. ഞാൻ കാഴ്ച്ചവെച്ച പ്രകടനങ്ങൾ കാരണം എല്ലായ്പ്പോഴും എന്നിൽ പ്രതീക്ഷകളുണ്ട്. കാഴ്ച്ചപാടുകൾ ശരിയായി സൂക്ഷിക്കേണ്ടത്. പ്രതീക്ഷകൾക്കനുസരിച്ച് ജീവിക്കാൻ ചില കാര്യങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ട്. ഞാൻ നന്നായി കഠിനപ്രയത്നം ചെയ്തു. നെറ്റ്സിൽ 90 മിനിറ്റ് ഞാൻ ബാറ്റ് ചെയ്തു. വളരെ റിലാക്സായാണ് ഞാൻ ക്രീസിൽ എത്തിയത്. ” കോഹ്ലി മത്സരശേഷം പറഞ്ഞു.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എട്ട് വിക്കറ്റിന് വിജയിച്ച മത്സരത്തിൽ 54 പന്തിൽ 8 ഫോറും 2 സിക്സും ഉൾപ്പെടെ 73 റൺസ് കോഹ്ലി നേടിയിരുന്നു. ഈ സീസണിലെ കോഹ്ലിയുടെ രണ്ടാം ഫിഫ്റ്റിയും സീസണിലെ ഉയർന്ന വ്യക്തിഗത സ്കോറുമാണിത്. മത്സരത്തിലെ വിജയത്തോടെ പ്ലേയോഫ് പ്രതീക്ഷ നിലനിർത്തുവാനും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് സാധിച്ചു.