Skip to content

ചെന്നൈയ്ക്കെതിരെ തകർപ്പൻ വിജയം, രണ്ടാം സ്ഥാനക്കാരായി സഞ്ജുവും കൂട്ടരും പ്ലേയോഫിലേക്ക്

ചെന്നൈ സൂപ്പർ കിങ്സിനെ അഞ്ച് വിക്കറ്റിന് തകർത്ത് പ്ലേയോഫ് യോഗ്യത നേടി രാജസ്ഥാൻ റോയൽസ്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ 151 റൺസിൻ്റെ വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ റോയൽസ് മറികടന്നു.

14 മത്സരങ്ങളിൽ നിന്നും 9 വിജയവുമായി പോയിൻ്റ് ടേബിളിൽ രണ്ടാം സ്ഥാനക്കാരായാണ് സഞ്ജുവും കൂട്ടരും പ്ലേയോഫിൽ പ്രവേശിച്ചത്. മേയ് 24 ന് നടക്കുന്ന ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ രാജസ്ഥാൻ റോയൽസ് നേരിടും. 2018 ന് ശേഷം ഇതാദ്യമായാണ് റോയൽസ് പ്ലേയോഫിൽ പ്രവേശിക്കുന്നത്.

44 പന്തിൽ 8 ഫോറും ഒരു സിക്സുമടക്കം 59 റൺസ് നേടിയ ജയ്സ്വാളിൻ്റെയും 23 പന്തിൽ 2 ഫോറും 3 സിക്സുമടക്കം 40 റൺസ് നേടിയ രവിചന്ദ്രൻ അശ്വിൻ്റെയും മികവിലാണ് തകർപ്പൻ വിജയം രാജസ്ഥാൻ റോയൽസ് നേടിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് 57 പന്തിൽ 13 ഫോറും 3 സിക്സും നേടിയ മൊയിൻ അലിയുടെ മികവിലാണ് പൊരുതാവുന്ന സ്കോറിൽ എത്തിയത്. ധോണി 28 പന്തിൽ 26 റൺസ് നേടി പുറത്തായി.

രാജസ്ഥാൻ റോയൽസിന് വേണ്ടി ഒബഡ് മക്കോയ് നാലോവറിൽ 20 റൺസ് വഴങ്ങി രണ്ട് വിക്കറ്റും യുസ്വെന്ദ്ര ചഹാൽ 26 റൺസ് വഴങ്ങി രണ്ട് വിക്കറ്റും രവിചന്ദ്രൻ അശ്വിൻ, ട്രെൻഡ് ബോൾട്ട് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. മേയ് 24 ന് നടക്കുന്ന ക്വാളിഫയർ പോരാട്ടത്തിൽ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായി പ്ലേയോഫിൽ പ്രവേശിച്ച ഗുജറാത്ത് ടൈറ്റൻസിനെ രാജസ്ഥാൻ റോയൽസ് നേരിടും.