Skip to content

നിർണായക മത്സരത്തിൽ ഫോമിലെത്തി കിങ് കോഹ്ലി, തകർത്തടിച്ച് മാക്സ്‌വെൽ, തകർപ്പൻ വിജയം കുറിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

വിരാട് കോഹ്ലിയുടെ തകർപ്പൻ ബാറ്റിങ് മികവിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ ജീവന്മരണ പോരാട്ടത്തിൽ വിക്കറ്റിൻ്റെ വിജയവുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 169 റൺസിൻ്റെ വിജയലക്ഷ്യം 18.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ആർ സീ ബി മറികടന്നു. വിജയത്തോടെ പ്ലേയോഫ് പ്രതീക്ഷകൾ ആർ സീ ബി നിലനിർത്തി. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് പരാജയപെട്ടാൽ ബാംഗ്ലൂരിന് പ്ലേയോഫിൽ പ്രവേശിക്കാം.

( Picture Source : IPL )

മികച്ച തുടക്കമാണ് കോഹ്ലിയും ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസും ചേർന്ന് ആർ സീ ബിയ്ക്ക് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 115 റൺസ് ഇരുവരും കൂട്ടിചേർത്തു. ഡുപ്ലെസിസ് 38 പന്തിൽ 44 റൺസ് നേടി പുറത്തായപ്പോൾ ഈ സീസണിലെ രണ്ടാം ഫിഫ്റ്റി നേടിയ വിരാട് കോഹ്ലി 54 പന്തിൽ 8 ഫോറും 2 സിക്സുമടക്കം 73 റൺസ് നേടി. ഈ സീസണിലെ കോഹ്ലിയുടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കൂടിയാണിത്. ഗ്ലെൻ മാക്സ്‌വെൽ 18 പന്തിൽ 40 റൺസ് നേടി പുറത്താകാതെ നിന്നു.

( Picture Source : IPL )

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് 47 പന്തിൽ പുറത്താകാതെ 62 റൺസ് നേടിയ ഹാർദിക് പാണ്ഡ്യയുടെയും 25 പന്തിൽ 34 റൺസ് നേടിയ ഡേവിഡ് മില്ലറുടെയും 6 പന്തിൽ 19 റൺസ് നേടിയ റാഷിദ് ഖാൻ്റെയും മികവിലാണ് പൊരുതാവുന്ന സ്കോർ നേടിയത്.

ബാംഗ്ലൂരിന് വേണ്ടി ജോഷ് ഹേസൽവുഡ് രണ്ട് വിക്കറ്റും ഗ്ലെൻ മാക്സ്‌വെൽ, ഹസരങ്ക എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

മത്സരത്തിൽ വിജയിച്ചുവെങ്കിലും പ്ലേയോഫ് ഉറപ്പിക്കാൻ ബാംഗ്ലൂരിന് സാധിച്ചിട്ടില്ല. മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസ് പരാജയപെട്ടാൽ മാത്രമേ പ്ലേയോഫിൽ പ്രവേശിക്കാൻ ബാംഗ്ലൂരിന് സാധിക്കൂ.

( Picture Source : IPL )