Skip to content

ഐപിഎലിന് നാണക്കേടായി മറ്റൊരു ഡിആർഎസ് വിവാദം ;  പുതിയ ഇര ഗുജറാത്ത് താരം മാത്യു വേഡ് – വീഡിയോ

രോഹിത് ശർമ്മയുടെ വിവാദ ഡിആർഎസ് പുറത്താകൽ  ശമിക്കുന്നതിനിടെ വീണ്ടും മറ്റൊരു വിവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ് ഐപിഎലിലെ റിവ്യൂ സിസ്റ്റം. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഗുജറാത്ത് ടൈറ്റൻസും ഏറ്റുമുട്ടുന്നതിനിടെയാണ് പുതിയ വിവാദം ഉണ്ടായത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ആദ്യ വിക്കറ്റ് നഷ്ട്ടമായി 6ആം ഓവർ പുരോഗമിക്കുന്നതിനിടെയാണ് വിവാദ സംഭവം ഉണ്ടായത്.

മാക്‌സ്വെല്ലിന്റെ ഡെലിവറിയിൽ സ്വീപ് ഷോട്ടിന് ശ്രമിച്ച വേഡിന് പിഴക്കുകയായിരുന്നു. പന്ത് പാഡിലേക്ക് പതിച്ചു. വേഡിനെതിരെ എൽബിഡബ്ല്യൂ അപ്പീലുമായി ആർസിബി താരങ്ങൾ എത്തി. അപ്പീലിൽ ശരിവെച്ച് ഓണ്ഫീൽഡ് അമ്പയർ ഔട്ട് വിധിച്ചു. തന്റെ ബാറ്റിൽ പന്ത് ഉരസിയിട്ടുണ്ടെന്ന് ഉറപ്പുണ്ടായിരുന്ന വേഡ് രണ്ടാമതൊന്ന് ചിന്തിക്കാതെ റിവ്യൂവിന് നൽകി.

തേർഡ് അമ്പയറുടെ പരിശോധനയിൽ അൾട്രാഎഡ്ജിൽ ബാറ്റിൽ ഉരസിയതായിട്ടുള്ള ഒരു ലക്ഷണവും കാണിക്കാത്തതോടെ ഔട്ട് വിധിച്ചു. രസകരമായ സംഭവം എന്തെന്നാൽ റിപ്ലേകളിൽ പന്ത് ബാറ്റ് കടന്ന് പോകുന്ന ഭാഗത്ത് തെന്നിമാറുന്നത് വ്യക്തമായിട്ടും സ്പൈക് കാണിക്കാത്തതിനെ തുടർന്ന് ഔട്ട് വിധിക്കേണ്ടി വന്നു. ഇത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കാമായിരുന്ന ഹോട്ട്സ്പോട്ട് സംവിധാനം ഇല്ലാത്തത് തിരിച്ചടിയായി.

ഈ സീസണിൽ അൾട്രാഎഡ്ജ് പിഴവ് കാരണം രോഹിത്, കോഹ്ലി ഉൾപ്പെടെയുള്ളവർ നേരെത്തെ ഇത്തരത്തിൽ പുറത്തായിരുന്നു. ഇത്രയും വലിയ ക്രിക്കറ്റ് ലീഗിൽ ഹോട്ട്സ്പോട്ട് പോലുള്ള ടെക്നോളജി കൊണ്ടുവരാത്തതിൽ ബിസിസിഐക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുകയാണ്.

അഞ്ചാം സ്ഥാനത്തുള്ള ബാംഗ്ലൂരിന് പ്ലേ ഓഫിലേക്കുള്ള സാധ്യതകൾ നില നിർത്താൻ ഇന്നത്തെ മത്സരത്തിൽ വലിയ മാർജിനിൽ വിജയിക്കണം.  നാലാം സ്ഥാനത്തുള്ള ഡൽഹിക്കും ബാംഗ്ലൂരിനും 14 പോയിന്റ് വീതമാണുള്ളതെങ്കിലും നെറ്റ് റൺ റേറ്റിൽ ഡൽഹിയാണു മുന്നിൽ.  ഡൽഹിക്ക് ഇനി ഒരു മത്സരം കൂടി ബാക്കിയുണ്ട്.