Skip to content

സെഞ്ചുറി നേടിയാൽ ബ്രാഡ്മാനുമായി അവരെന്നെ താരതമ്യം ചെയ്യുന്നു, റൺസ് നേടിയില്ലെങ്കിൽ, ബംഗ്ലാദേശിൽ അനുഭവിക്കുന്ന സമ്മർദ്ദത്തെ കുറിച്ച് മുഷ്ഫിഖുർ റഹിം

സെഞ്ചുറി നേടിയാൽ ബംഗ്ലാദേശിലെ ക്രിക്കറ്റ് ആരാധകർ തന്നെ ഡോൺ ബ്രാഡ്മാനുമായാണ് താരതമ്യം ചെയ്യുന്നതെന്ന് ബംഗ്ലാദേശ് സീനിയർ ബാറ്റ്സ്മാൻ മുഷ്ഫിഖുർ റഹിം. ടെസ്റ്റ് ക്രിക്കറ്റിൽ 5000 റൺസ് നേടുന്ന ആദ്യ ബംഗ്ലാദേശ് ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കിയ ശേഷം സംസാരിക്കവെയാണ് ബംഗ്ലാദേശ് ആരാധകരെ കുറിച്ച് മുഷ്ഫിഖുർ റഹിം തുറന്നുപറഞ്ഞത്.

( Picture Source : Twitter )

” ബംഗ്ലാദേശിൽ മാത്രം ഞാൻ സെഞ്ചുറി നേടുമ്പോൾ ആളുകൾ ഡോൺ ബ്രാഡ്മാനുമായി എന്നെ താരതമ്യം ചെയ്യുന്നത് കണ്ടിട്ടുണ്ട്. എന്നാൽ റൺസ് നേടാതിരിക്കുമ്പോൾ എനിക്ക് വേണ്ടി കുഴിയെടുക്കാൻ എനിക്ക് തോന്നിയിട്ടുണ്ട്. ഞാൻ സീനിയർ കളിക്കാരിൽ ഒരാളാണ്. ഇനിയും അധികനാൾ ഞാൻ കളിച്ചേക്കില്ല. എന്നാൽ ഇതവിടെ ഒരു സംസ്കാരമായി മാറികൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ യുവ കളിക്കാരെ പിന്തുണയ്ക്കേണ്ടതുണ്ട്. “

” മൈതാനത്തിന് പുറത്ത് ഈ കാര്യങ്ങൾ കൈകാര്യം ചെയ്യുവാൻ വളരെയധികം സമയം ഞാൻ ചിലവഴിച്ചാൽ അതെൻ്റെ പ്രകടനത്തെ ബാധിക്കും. ” മുഷ്ഫിഖുർ റഹിം പറഞ്ഞു.

( Picture Source : Twitter )

” 5000 ടെസ്റ്റ് റൺസ് നേടുന്ന ആദ്യ ബംഗ്ലാദേശിയായതിൽ അഭിമാനമുണ്ട്. എന്നാൽ ഞാൻ അവസാനത്തെ ആളല്ല. നമ്മുടെ സീനിയർ താരങ്ങൾക്കും ജൂനിയർ താരങ്ങൾക്കും 8000 അല്ലെങ്കിൽ 10000 റൺസ് നേടുവാൻ കഴിവുണ്ട്. അരങ്ങേറ്റത്തിൽ എൻ്റെ ലക്ഷ്യം അടുത്ത ടെസ്റ്റ് കളിക്കുകയെന്നതായിരുന്നു. ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന നിലയിൽ ഞാൻ എപ്പോഴും ടെസ്റ്റ് ക്രിക്കറ്റിന് മുൻഗണന നൽകി. വ്യക്തിയെന്ന നിലയിലും ടീമെന്ന നിലയിലും നേട്ടങ്ങൾ സ്വന്തമാക്കുവാൻ ടെസ്റ്റ് ക്രിക്കറ്റിൽ ഒരുപാട് കാലം കളിക്കുവാൻ ഞാൻ ആഗ്രഹിച്ചിരുന്നു. വിജയത്തിന് അതിരുകളില്ല. എന്നാൽ എൻ്റെ നേട്ടത്തിൽ ഞാൻ സന്തുഷ്ടനാണ്. ” മുഷ്ഫിഖുർ റഹിം കൂട്ടിച്ചേർത്തു.

( Picture Source : Twitter )