Skip to content

മികച്ച ക്യാപ്റ്റൻ അദ്ദേഹം തന്നെയാണ്, പുതിയ ടീമിനെ അദ്ദേഹം വളർത്തിയെടുത്തു, കോഹ്ലിക്കതിന് സാധിച്ചില്ല ; വീരേന്ദർ സെവാഗ്

ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റനായി റെക്കോർഡുകളുള്ളത് വിരാട് കോഹ്ലിയ്ക്കാണെങ്കിലും ഏറ്റവും മികച്ച നായകൻ ഇപ്പോഴും സൗരവ് ഗാംഗുലി തന്നെയാണെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. ഉയർച്ചയിലും താഴ്ച്ചയിലും സഹതാരങ്ങളെ ഗാംഗുലി പിന്തുണച്ചപ്പോൾ കോഹ്ലിയ്ക്കതിന് സാധിച്ചില്ലയെന്നും സെവാഗ് പറഞ്ഞു.

” സൗരവ് ഗാംഗുലി പുതിയ ടീമിനെ കെട്ടിപടുത്തു. പുതിയ കളിക്കാരെ ടീമിലേക്ക് കൊണ്ടുവന്നു. അവരുടെ ഉയർച്ചയിലും താഴ്‌ച്ചയിലും അവരെ പിന്തുണച്ചു. കോഹ്ലി ക്യാപ്റ്റനായിരിക്കുന്ന സമയത്ത് അങ്ങനെ ചെയ്തിരുന്നോ എന്ന് എനിക്ക് സംശയമാണ്. ” സെവാഗ് പറഞ്ഞു.

സൗരവ് ഗാംഗുലി ക്യാപ്റ്റനായിരിക്കവെയാണ് സെവാഗ്, യുവരാജ് സിങ്, ആശിഷ് നെഹ്റ, ഹർഭജൻ സിങ്, എം എസ് ധോണി അടക്കമുളള താരങ്ങൾ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിക്കുകയും പിന്നീട് ഇന്ത്യൻ ടീമിൻ്റെ നെടുംതൂണുകളുമായി മാറുകയും ചെയ്തത്. എന്നാൽ ഒരുപാട് മികച്ച ബാറ്റ്സ്മാന്മാരെ സമ്മനിച്ചില്ലയെങ്കിലും ഏറ്റവും മികച്ച പേസ് നിരയെ വാർത്തെടുക്കാൻ ഇന്ത്യൻ ക്യാപ്റ്റനായിരിക്കെ കോഹ്ലിയ്ക്ക് സാധിച്ചു. കോഹ്ലിയുടെ അഭാവത്തിൽ പോലും വിജയങ്ങൾ സമ്മാനിക്കുവാൻ ഇന്ത്യയുടെ പേസ് നിരയ്ക്ക് സാധിച്ചു.

ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ വിജയത്തിലെത്തിച്ച ക്യാപ്റ്റനാണ് വിരാട് കോഹ്ലി. എന്നാൽ ഏറ്റവും മികച്ച ക്യാപ്റ്റൻ പുതിയ ടീമിനെ ഉണ്ടാക്കിയെടുക്കുന്ന ആളാണെന്ന് അഭിപ്രായപെട്ട സെവാഗ് കോഹ്ലി ചില താരങ്ങൾക്ക് മാത്രമാണ് പിന്തുണ നൽകിയതെന്നും അഭിപ്രായപെട്ടു.

” എൻ്റെ അഭിപ്രായത്തിൽ ഒരു ടീമിനെ കെട്ടിപ്പടുക്കുകയും എല്ലാ കളിക്കാർക്കും ആത്മവിശ്വാസം നൽകുകയും ചെയ്യുന്നയാളാണ് ഏറ്റവും മികച്ച ക്യാപ്റ്റൻ. കോഹ്ലി ചില കളിക്കാരെ പിന്തുണച്ചു. പക്ഷേ ചില കളിക്കാർക്ക് മതിയായ പിന്തുണ നൽകിയില്ല. ” സെവാഗ് കൂട്ടിച്ചേർത്തു.