Skip to content

കെ എൽ ദി കൺസിസ്റ്റൻ്റ്, ഐ പി എല്ലിൽ മറ്റൊരു ബാറ്റ്സ്മാനും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി കെ എൽ രാഹുൽ

ഇന്ത്യൻ പ്രീമിയർ ലീഗിലെ നിലവിൽ ഏറ്റവും സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെയ്ക്കുന്ന ബാറ്റ്സ്മാനാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സ് ക്യാപ്റ്റൻ കെ എൽ രാഹുൽ. ഈ സീസണിലും തൻ്റെ മികവ് പുറത്തെടുത്ത കെ എൽ രാഹുൽ ഐ പി എല്ലിൽ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തം പേരിൽ കുറിച്ചിരിക്കുകയാണ്. മറ്റൊരു ബാറ്റ്സ്മാനും ഐ പി എല്ലിൽ ഈ റെക്കോർഡ് നേടുവാൻ സാധിച്ചിട്ടില്ല.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ക്വിൻ്റൺ ഡീകോക്ക് സെഞ്ചുറി നേടിയപ്പോൾ 51 പന്തിൽ 68 റൺസ് നേടി മികച്ച പിന്തുണ കെ എൽ രാഹുൽ നൽകിയിരുന്നു. ഈ പ്രകടനത്തോടെ ഈ ഐ പി എൽ സീസണിൽ 500 റൺസ് കെ എൽ രാഹുൽ പിന്നിട്ടു.

ഇത് തുടർച്ചയായ അഞ്ചാം സീസണിലാണ് കെ എൽ രാഹുൽ 500 റൺസ് പിന്നിടുന്നത്. ഇതാദ്യമായാണ് ഒരു ബാറ്റ്സ്മാൻ തുടർച്ചയായ അഞ്ച് സീസണുകളിൽ 500 റൺസ് പിന്നിടുന്നത്. ഡേവിഡ് വാർണർ 2014 മുതൽ 2020 വരെ താൻ കളിച്ച തുടർച്ചയായ ആറ് സീസണുകളിൽ 500+ റൺസ് നേടിയിട്ടുണ്ടെങ്കിലും 2018 സീസണിൽ വിലക്ക് മൂലം താരം കളിച്ചിരുന്നില്ല.

2018 സീസണിൽ 659 റൺസ് നേടിയ കെ എൽ രാഹുൽ തൊട്ടടുത്ത സീസണിൽ 593 റൺസും 2020 സീസണിൽ 670 റൺസും കഴിഞ്ഞ സീസണിൽ 626 റൺസും നേടിയിരുന്നു. ഈ സീസണിൽ ഇതുവരെ 14 മത്സരങ്ങളിൽ നിന്നും 537 റൺസ് കെ എൽ രാഹുൽ നേടിയിട്ടുണ്ട്.

ശിഖാർ ധവാനും വിരാട് കോഹ്ലിയുമാണ് കെ എൽ രാഹുലിനെ കൂടാതെ അഞ്ച് സീസണുകളിൽ 500+ റൺസ് നേടിയിട്ടുള്ള ഇന്ത്യൻ ബാറ്റ്സ്മാന്മാർ. 6 സീസണുകളിൽ 500 റൺസ് നേടിയിട്ടുള്ള ഡേവിഡ് വാർണറാണ് ഐ പി എല്ലിൽ ഏറ്റവും കൂടുതൽ സീസണുകളിൽ 500 + റൺസ് നേടിയിട്ടുള്ള ബാറ്റ്സ്മാൻ.