Skip to content

നിർണായക ഘട്ടത്തിൽ തകർപ്പൻ ക്യാച്ച് നേടി മത്സരം മാറ്റിമറിച്ച് എവിൻ ലൂയിസ്, വീഡിയോ കാണാം

ഈ സീസണിലെ തന്നെ ഏറ്റവും ആവേശകരമായ മത്സരമാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ നടന്നത്. ആവേശപോരിൽ കൊൽക്കത്തയെ രണ്ട് റൺസിന് പരാജയപെടുത്തിയാണ് ലഖ്നൗ പ്ലേയോഫ് യോഗ്യത നേടിയത്. മത്സരത്തിൽ ഡീകോക്കിൻ്റെ സെഞ്ചുറിയ്‌ക്കും റിങ്കു സിങിൻ്റെ വെടിക്കെട്ട് ബാറ്റിങിനുമൊപ്പം നിർണായകമായത് പ്ലേയിങ് ഇലവനിൽ പോലും ഇല്ലാതിരുന്ന എവിൻ ലൂയിസ് നേടിയ ക്യാച്ചായിരുന്നു.

മാർക്കസ് സ്റ്റോയിനിസ് എറിഞ്ഞ അവസാന ഓവറിലെ അഞ്ചാം പന്തിലാണ് ഈ തകർപ്പൻ ക്യാച്ച് പിറന്നത്. അവസാന ഓവറിൽ ജയിക്കാൻ 21 റൺസ് വേണമെന്നിരിക്കെ ആദ്യ നാല് പന്തിൽ ഒരു ഫോറും രണ്ട് സിക്സും ഒരു ഡബിളുമടക്കം 18 റൺസ് റിങ്കു സിങ് നേടിയിരുന്നു. പിന്നീട് 2 പന്തിൽ 3 റൺസ് വേണമെന്നിരിക്കെ റിങ്കു സിങ് എക്സ്ട്രാ കവറിലേക്ക് ഷോട്ടിന് ശ്രമിക്കുകയും ഉയർന്നുപൊങ്ങിയ പന്ത് ഡീപ് ബാക്ക്വാർഡ് പോയിൻ്റിൽ നിന്നും ഓടിയെത്തിയ എവിൻ ലൂയിസ് ഒറ്റക്കയ്യിൽ പിടിക്കുകയായിരുന്നു.

റിങ്കു സിങ് പുറത്തായ ശേഷം അവസാന പന്ത് നേരിടാൻ ക്രീസിലെത്തിയ ഉമേഷ് യാദവിനെ ബൗൾഡാക്കികൊണ്ട് സ്റ്റോയിനിസ് ലഖ്നൗവിന വിജയം നേടികൊടുത്തു. ആ ക്യാച്ച് നേടിയില്ലായിരുന്നെങ്കിൽ തീർച്ചയായും മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിജയിച്ചേനെ.

വീഡിയോ ;

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലക്നൗ സൂപ്പർ ജയൻ്റ്സ് 140 റൺസ് നേടിയ ഡീകോക്കിൻ്റെയും 68 റൺസ് നേടിയ ക്യാപ്റ്റൻ കെ എൽ രാഹുലിൻ്റെയും മികവിലാണ് മികച്ച സ്കോർ നേടിയത്. മറുപടി ബാറ്റിങിനിറങ്ങിയ കൊൽക്കത്തയുടെ പോരാട്ടം 20 ഓവറിൽ 208 റൺസിൽ അവസാനിച്ചു. പരാജയത്തോടെ കൊൽക്കത്ത പുറത്തായി. മുംബൈ ഇന്ത്യൻസിനും ചെന്നൈ സൂപ്പർ കിങ്സിനും ശേഷം ഈ സീസണിൽ നിന്നും പുറത്താകുന്ന ടീമാണ് കൊൽക്കത്ത.

സീസണിലെ ഒമ്പതാം വിജയം കുറിച്ച ലഖ്നൗ സൂപ്പർ ജയൻ്റ്സ് ഗുജറാത്ത് ടൈറ്റൻസിന് ശേഷം ഈ സീസണിൽ പ്ലേയോഫ് യോഗ്യത നേടുന്ന ടീമായി മാറി.