Skip to content

പരാജയത്തിലും ഹീറോയായി റിങ്കു സിങ്, അവസാന പന്തിൽ ആവേശവിജയം കുറിച്ച് ലഖ്നൗ സൂപ്പർ ജയൻ്റ്സ് പ്ലേയോഫിൽ

അവസാന പന്ത് വരെ നീണ്ട ആവേശപോരാട്ടത്തിനൊടുവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപെടുത്തി പ്ലേയോഫിൽ പ്രവേശിച്ച് ലഖ്നൗ സൂപ്പർ ജയൻ്റ്സ്. മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സ് ഉയർത്തിയ 211 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് നേടാനെ സാധിച്ചുള്ളൂ.

തകർച്ചയോടെയാണ് കെ കെ ആർ തുടങ്ങിയത്. 9 റൺസ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടപെട്ട കൊൽക്കത്തയെ 22 പന്തിൽ 42 റൺസ് നേടിയ നിതീഷ് റാണയും 29 പന്തിൽ 50 റൺസ് നേടിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരും 24 പന്തിൽ 36 റൺസ് നേടിയ സാം ബില്ലിംഗ്സുമാണ് മത്സരത്തിൽ തിരിച്ചെത്തിച്ചത്.

മൂവരും പുറത്തായ ശേഷം ക്രീസിലെത്തിയ റസ്സൽ 5 റൺസ് നേടി പുറത്തായതോടെ ലഖ്നൗ വിജയം ഉറപ്പിച്ചുവെന്ന് കരുതിയെങ്കിലും റിങ്കു സിങും സുനിൽ നരെയ്നും ചേർന്ന് കൊൽക്കത്തയ്ക്ക് വിജയപ്രതീക്ഷ നൽകി. റിങ്കു സിങ് 15 പന്തിൽ 40 റൺസ് നേടി പുറത്തായപ്പോൾ സുനിൽ നരെയ്ൻ 7 പന്തിൽ 21 റൺസും നേടി പുറത്താകാതെ നിന്നു.

( Picture Source : IPL )

ലഖ്നൗ സൂപ്പർ ജയൻ്റ്സിന് വേണ്ടി മാർക്കസ് സ്റ്റോയിനിസും മോഹ്സിൻ ഖാനും മൂന്ന് വിക്കറ്റ് വീതം നേടി.

( Picture Source : IPL )

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയൻ്റ്സിന് വേണ്ടി ക്വിൻ്റൺ ഡീകോക്ക് 70 പന്തിൽ 140 റൺസും ക്യാപ്റ്റൻ കെ എൽ രാഹുൽ 51 പന്തിൽ 68 റൺസും നേടി പുറത്താകാതെ നിന്നു. വിജയത്തോടെ ലഖ്നൗ സൂപ്പർ ജയൻ്റ്സ് പ്ലേയോഫിൽ പ്രവേശിച്ചപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പുറത്തായി.

( Picture Source : IPL )