Skip to content

ഇനി ഗെയ്ലിനും മക്കല്ലത്തിനും പിന്നിൽ, തകർപ്പൻ നേട്ടത്തിൽ മൂന്നാം സ്ഥാനത്തെത്തി ഡീകോക്ക്

തകർപ്പൻ പ്രകടനമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിന് വേണ്ടി ക്വിൻ്റൺ ഡീകോക്ക് കാഴ്ച്ചവെച്ചത്. സെഞ്ചുറി നേടിയ താരത്തിൻ്റെ മികവിലാണ് ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ മികച്ച സ്കോർ നേടിയത്. ഈ പ്രകടനത്തോടെ ഐ പി എല്ലിൽ തകർപ്പൻ നേട്ടത്തിൽ മൂന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഡീകോക്ക്.

( Picture Source : IPL )

മത്സരത്തിൽ 59 പന്തിൽ നിന്നും സെഞ്ചുറി നേടിയ ഡീകോക്ക് 70 പന്തിൽ 10 ഫോറും 10 സിക്സുമടക്കം പുറത്താകാതെ 140 റൺസ് നേടിയിരുന്നു. ഇതോടെ ഐ പി എൽ ചരിത്രത്തിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന മൂന്നാമത്തെ ബാറ്റ്സ്മാനെന്ന തകർപ്പൻ റെക്കോർഡ് ഡീകോക്ക് സ്വന്തമാക്കി.

ഐ പി എൽ ചരിത്രത്തിലെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 73 പന്തിൽ പുറത്താകാതെ 158 റൺസ് നേടിയ ബ്രണ്ടൻ മക്കല്ലവും 2013 സീസണിൽ പുണെ വാരിയേഴ്സിനെതിരെ 66 പന്തിൽ പുറത്താകാതെ 175 റൺസ് നേടിയ ക്രിസ് ഗെയ്ലുമാണ് ഈ നേട്ടത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഉള്ളത്.

( Picture Source : IPL )

ബ്രണ്ടൻ മക്കല്ലത്തിനും ആദം ഗിൽക്രിസ്റ്റിനും ശേഷം ഒരു ഐ പി എൽ ഇന്നിങ്സിൽ 10 സിക്സ് നേടുന്ന മൂന്നാമത്തെ വിക്കറ്റ് കീപ്പറെന്ന നേട്ടവും മത്സരത്തിലെ പ്രകടനത്തോടെ താരം സ്വന്തമാക്കി. ഐ പി എല്ലിൽ രണ്ട് സെഞ്ചുറി നേടുന്ന പത്താമത്തെ വിദേശ താരം കൂടിയാണ് ഡീകോക്ക്.

ഒരു ഐ പി എൽ ഇന്നിങ്സിൽ ബൗണ്ടറിയിൽ നിന്നുമാത്രം 100 റൺസ് നേടുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കൂടിയാണ് ഡീകോക്ക്. 2018 സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ റിഷഭ് പന്താണ് ഇതിനുമുൻപ് ഈ നേട്ടം സ്വന്തമാക്കിയ വിക്കറ്റ് കീപ്പർ.

( Picture Source : IPL )