Skip to content

സെഞ്ചുറിയുമായി ഡീകോക്ക്, പിന്തുണ നൽകി കെ എൽ രാഹുൽ, പിറന്നത് ചരിത്രനേട്ടം

അവിശ്വസീയ ബാറ്റിങ് പ്രകടനമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിന് വേണ്ടി സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ ക്വിൻ്റൺ ഡീകോക്ക് കാഴ്ച്ചവെച്ചത്. ഡീകോക്ക് സെഞ്ചുറി നേടി പുറത്താകാതെ നിന്നപ്പോൾ ഫിഫ്റ്റി നേടി മികച്ച പിന്തുണ കെ എൽ രാഹുൽ നൽകി. ഇരുവരെയും പുറത്താക്കുവാൻ കെ കെ ആർ ബൗളർമാർക്ക് സാധിച്ചില്ല.

നിശ്ചിത 20 ഓവറിൽ വിക്കറ്റൊന്നും നഷ്ടപെടാതെ 210 റൺസാണ് ഇരുവരുടെയും മികവിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സ് നേടിയത്. ഡീകോക്ക് 70 പന്തിൽ 10 ഫോറും 10 സിക്സുമടക്കം 140 റൺസ് നേടിയപ്പോൾ ക്യാപ്റ്റൻ കെ എൽ രാഹുൽ 51 പന്തിൽ 3 ഫോറും 4 സിക്സുമടക്കം 68 റൺസ് നേടി.

ഐ പി എൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ടാണിത്. 2019 സീസണിൽ ആർ സീ ബിയ്ക്കെതിരെ 185 റൺസ് നേടിയ ജോണി ബെയർസ്റ്റോയുടെയും ഡേവിഡ് വാർണറിൻ്റെയും റെക്കോർഡാണ് കെ എൽ രാഹുലും ഡീകോക്കും ചേർന്ന് തകർത്തത്. 2017 ൽ ഗുജറാത്തിനെതിരെ 184 റൺസ് നേടിയ ക്രിസ് ലിന്നും ഗൗതം ഗംഭീറുമാണ് ഈ നേട്ടത്തിൽ മൂന്നാം സ്ഥാനത്തുള്ളത്. ഐ പി എല്ലിൽ ഇതാദ്യമായാണ് ഓപ്പണിങ് ബാറ്റ്സ്മാന്മാർ 20 ഓവറും കളിക്കുന്നത്.

ഇന്ത്യൻ പ്രീമിയർ ലീഗിലെ തൻ്റെ രണ്ടാം സെഞ്ചുറിയാണ് മത്സരത്തിൽ ഡീകോക്ക് കുറിച്ചത്. ഇതിനുമുൻപ് 2016 സീസണിൽ ഡൽഹിയ്ക്ക് വേണ്ടി കളിക്കവെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് ഡീകോക്ക് തൻ്റെ ആദ്യ ഐ പി എൽ സെഞ്ചുറി നേടിയിരുന്നത്.