Skip to content

സീസണിലെ ഒമ്പതാം തോൽവി ഏറ്റുവാങ്ങി ചെന്നൈ സൂപ്പർ കിങ്സ്, ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിലെ ദയനീയ പ്രകടനം തുടർന്ന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ്. ധോണി ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തുവെങ്കിലും ചെന്നൈയുടെ പ്രകടനത്തിൽ മാറ്റമുണ്ടായില്ല. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 7 വിക്കറ്റിനാണ് ചെന്നൈ സൂപ്പർ കിങ്സ് പരാജയപെട്ടത്.

( Picture Source : IPL / BCCI )

സീസണിലെ ഒമ്പതാം തോൽവിയാണ് ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഏറ്റുവാങ്ങിയത്. ഐ പി എൽ ചരിത്രത്തിൽ ഇതാദ്യമായാണ് ചെന്നൈ സൂപ്പർ കിങ്സ് ഒരു സീസണിൽ 9 മത്സരങ്ങളിൽ പരാജയപെടുന്നത്. 13 മത്സരങ്ങളിൽ നിന്നും നാല് വിജയം മാത്രം നേടി പോയിൻ്റ് ടേബിളിൽ നിലവിൽ ഒമ്പതാം സ്ഥാനത്താണ് ചെന്നൈ സൂപ്പർ കിങ്സുള്ളത്.

( Picture Source : IPL / BCCI )

മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ 134 റൺസിൻ്റെ വിജയലക്ഷ്യം 19.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് ടൈറ്റൻസ് മറികടന്നു. 57 പന്തിൽ 67 റൺസ് നേടിയ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയാണ് ടൈറ്റൻസിന് അനായാസ വിജയം സമ്മാനിച്ചത്. ഗിൽ 17 പന്തിൽ 18 റൺസും മാത്യൂ വേഡ് 15 പന്തിൽ 20 റൺസും നേടി പുറത്തായി.

( Picture Source : IPL / BCCI )

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി 49 പന്തിൽ 53 റൺസ് നേടിയ റുതുരാജ് ഗയ്ക്ക്വാദും 33 പന്തിൽ 39 റൺസ് നേടിയ ജഗദീഷനും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി മൊഹമ്മദ് ഷാമി നാലോവറിൽ 19 റൺസ് വഴങ്ങി രണ്ട് വിക്കറ്റും റാഷിദ് ഖാൻ, അൽസാരി ജോസഫ്, സായ് കിഷോർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

( Picture Source : IPL / BCCI )