Skip to content

അവൻ മലിംഗയെ പോലെ തന്നെയാണ്, ശ്രീലങ്കൻ യുവതാരത്തെ കുറിച്ച് എം എസ് ധോണി

തൻ്റെ ഐ പി എൽ അരങ്ങേറ്റത്തിൽ മികച്ച പ്രകടനമാണ് ശ്രീലങ്കൻ യുവതാരം മതീഷ പതിരാന ചെന്നൈ സൂപ്പർ കിങ്സിനായി കാഴ്ച്ചവെച്ചത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 24 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ താരം നേടിയിരുന്നു. യുവതാരം ശ്രീലങ്കൻ ഇതിഹാസം മലിംഗയെ പോലെ തന്നെയാണെന്ന് വിലയിരുത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ് നായകൻ എം എസ് ധോണി. മലിംഗയെ പോലെ മികച്ച ഡെത്ത് ബൗളറാകുവാൻ പതിരാനയ്ക്ക് സാധിക്കുമെന്നും ധോണി പറഞ്ഞു.

( Picture Source : IPL / BCCI )

” മലിംഗയെ പോലെ തന്നെ അവനൊരു മികച്ച ഡെത്ത് ബൗളറാണ്. പക്ഷേ ആക്ഷൻ മൂലം തെറ്റുകൾ വരാനുള്ള സാധ്യത കൂടുതലാണ്. കാരണം ഈ ആക്ഷൻ മൂലം അധികം ബൗൺസ് അവന് ലഭിക്കില്ല. കൂടാതെ അവൻ്റെ ആക്ഷൻ മനസ്സിലാക്കുവാൻ അൽപ്പം ബുദ്ധിമുട്ടാണ്. അവൻ്റെ പക്കൽ സ്ലോവർ ഡെലിവറികളുമുണ്ട്. അതുകൊണ്ട് അവനെ ശ്രദ്ധയോടെ നിരീക്ഷിക്കേണ്ടതുണ്ട്. അവൻ അൽപ്പം വേഗതയിൽ അവനെതിരെ റൺസ് നേടുക പ്രയാസമായിരിക്കും. ” മത്സരശേഷം ധോണി പറഞ്ഞു.

” ആദ്യം ബാറ്റ് ചെയ്തത് ശരിയായ തീരുമാനമായിരുന്നില്ല. ആദ്യ പകുതിയിൽ ഫാസ്റ്റ് ബൗളർമാരെ നേരിടുന്നത് അൽപ്പം ബുദ്ധിമുട്ടായിരുന്നു. സ്പിന്നർമാരുടെ കാര്യത്തിലും മാറ്റമില്ല. സായ് നന്നായി ബൗൾ ചെയ്തു. ശിവം ദുബെയെ ടോപ്പ് ഓർഡറിൽ ഇറക്കാമായിരുന്നു. എന്നാൽ അത് ജഗദീഷനെ ടീമിൽ ഉൾപെടുത്തിയ ലക്ഷ്യത്തിന് എതിരാകുമായിരുന്നു. അവൻ മിഡിലിൽ കൂടുതൽ സമയം ചിലവഴിക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. ” ധോണി കൂട്ടിചേർത്തു.

( Picture Source : IPL / BCCI )

പരിക്കേറ്റ ന്യൂസിലൻഡ് പേസർ ആദം മിൽനെയ്ക്ക് പകരക്കാരനായാണ് മതീഷ പതിരാനയെ ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ എത്തിച്ചത്. ശ്രീലങ്കയ്ക്ക് വേണ്ടി കഴിഞ്ഞ രണ്ട് അണ്ടർ 19 ലോകകപ്പുകളിൽ താരം കളിച്ചിരുന്നു.

( Picture Source : IPL / BCCI )