പവർപ്ലേയിൽ തകർത്തടിച്ച് ബെയർസ്റ്റോ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

തകർപ്പൻ പ്രകടനമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്സിൻ്റെ ഇംഗ്ലീഷ് ഓപ്പണർ ജോണി ബെയർസ്റ്റോ കാഴ്ച്ചവെച്ചത്. 21 പന്തിൽ നിന്നുമാണ് ബെയർസ്റ്റോ ഫിഫ്റ്റി പൂർത്തിയാക്കിയത്. മത്സരത്തിലെ പ്രകടനത്തോടെ ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ജോണി ബെയർസ്റ്റോ. 2008 സീസണിൽ മുൻ ശ്രീലങ്കൻ താരം സനത് ജയസൂര്യ നേടിയ റെക്കോർഡിനൊപ്പമാണ് ജോണി ബെയർസ്റ്റോ എത്തിയത്.

( Picture Source : IPL )

മത്സരത്തിൽ വെറും 21 പന്തിൽ നിന്നും ഫിഫ്റ്റി നേടിയ ജോണി ബെയർസ്റ്റോ 4 ഫോറും 7 സിക്സുമടക്കം 66 റൺസ് നേടിയാണ് പുറത്തായത്. 83 റൺസാണ് ജോണി ബെയർസ്റ്റോയുടെ മികവിൽ പവർ പ്ലേയിൽ പഞ്ചാബ് കിങ്സ് അടിച്ചുകൂട്ടിയത്. 7 സിക്സുകളാണ് പവർപ്ലേയിൽ ബെയർസ്റ്റോയുടെ ബാറ്റിൽ നിന്നും പിറന്നത്. ഇതോടെ ഐ പി എൽ ചരിത്രത്തിൽ പവർപ്ലേയിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡ് ബെയർസ്റ്റോ സ്വന്തമാക്കി.

( Picture Source : IPL )

2008 സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ 7 സിക്സ് നേടിയ സനത് ജയസൂര്യയുടെ റെക്കോർഡിനൊപ്പമാണ് ജോണി ബെയർസ്റ്റോ എത്തിയത്. 2014 സീസണിൽ പഞ്ചാബിനെതിരെ 6 സിക്സ് നേടിയ സുരേഷ് റെയ്ന, 2012 സീസണിൽ പുനെയ്ക്കെതിരെ 6 സിക്സ് നേടിയ ക്രിസ് ഗെയ്ൽ എന്നിവരാണ് ഈ നേട്ടത്തിൽ രണ്ടാം സ്ഥാനത്തുള്ളത്.

മത്സരത്തിൽ 66 റൺസ് നേടിയ ബെയർസ്റ്റോയ്ക്കൊപ്പം 42 പന്തിൽ 5 ഫോറും 4 സിക്സുമടക്കം 70 റൺസ് നേടിയ ലിയാം ലിവിങ്സ്റ്റൻ്റെ മികവിൽ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് പഞ്ചാബ് അടിച്ചുകൂട്ടി.

( Picture Source : IPL )

ആർ സീ ബിയ്ക്ക് വേണ്ടി ഹർഷൽ പട്ടേൽ നാലോവരറിൽ 34 റൺസ് വഴങ്ങി നാല് വിക്കറ്റും ഹസരങ്ക നാലോവറിൽ 15 റൺസ് വഴങ്ങി രണ്ട് വിക്കറ്റും നേടി.

( Picture Source : IPL )