Skip to content

നാലോവറിൽ വഴങ്ങിയത് 64 റൺസ്, നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി ജോഷ് ഹേസൽവുഡ്

മോശം പ്രകടനമാണ് പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ ഓസ്ട്രേലിയൻ പേസർ ജോഷ് ഹേസൽവൂടെ കാഴ്ച്ചവെച്ചത്. വിക്കറ്റൊന്നും നേടിയില്ലെന്ന് മാത്രമല്ല 64 റൺസാണ് ഹേസൽവുഡ് നാലോവറിൽ വഴങ്ങി കൂട്ടിയത്. ഈ മോശം പ്രകടനത്തോടെ ഐ പി എല്ലിൽ നാണക്കേടിൻ്റെ റെക്കോർഡ് താരത്തെ തേടിയെത്തി.

മത്സരത്തിലെ ഈ മോശം പ്രകടനത്തോടെ ഐ പി എല്ലിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന ആർ സീ ബി ബൗളറെന്ന റെക്കോർഡ് ഹേസൽവുഡ് സ്വന്തമാക്കി. 2016 സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നാലോവറിൽ 61 റൺസ് വഴങ്ങിയ ഷെയ്ൻ വാട്സൺ, 2019 സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നാലോവറിൽ റൺസ് വഴങ്ങിയ ടിം സൗത്തീ എന്നിവരുടെ പേരിലായിരുന്നു ഇതിനുമുൻപ് ഈ മോശം റെക്കോർഡ്.

ഈ മത്സരം ഒഴിച്ചുനിർത്തിയാൽ മികച്ച പ്രകടനമാണ് ഈ സീസണിൽ ജോഷ് ഹേസൽവുഡ് ആർ സീ ബിയ്ക്ക് വേണ്ടി കാഴ്ച്ചവെച്ചത്. ഇതിനുമുൻപ് 8 മത്സരങ്ങളിൽ നിന്നും 13 വിക്കറ്റ് താരം നേടിയിരുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് നേടിയിരുന്നു. 29 പന്തിൽ 4 ഫോറും 7 സിക്സുമടക്കം 66 റൺസ് നേടിയ ജോണി ബെയർസ്റ്റോ, 42 പന്തിൽ 5 ഫോറും 4 സിക്സുമടക്കം 70 റൺസ് നേടിയ ലിയാം ലിവിങ്സ്റ്റൺ എന്നിവരുടെ മികവിലാണ് കൂറ്റൻ സ്കോർ പഞ്ചാബ് കിങ്സ് നേടിയത്.