Skip to content

പാകിസ്ഥാനിൽ ആയിരുന്നെങ്കിൽ അവൻ ഇതിനോടകം അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചേനെ, ഉമ്രാൻ മാലിക്കിനെ കുറിച്ച് മുൻ പാകിസ്ഥാൻ താരം

ഉമ്രാൻ മാലിക്ക് പാകിസ്ഥാനിൽ നിന്നായിരുന്നെങ്കിൽ ഇതിനോടകം താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചേനെയെന്ന് മുൻ പാകിസ്ഥാൻ വിക്കറ്റ് കീപ്പർ കമ്രാൻ അക്മൽ. നിലവിൽ ഐ പി എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് കളിക്കുന്ന ഉമ്രാൻ മാലിക്ക് ഇതിനോടകം 11 മത്സരങ്ങളിൽ നിന്നും 15 വിക്കറ്റ് നേടിയിട്ടുണ്ട്. സീസണിൽ സൺറൈസേഴ്സിന് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ രണ്ടാമത്തെ ബൗളർ കൂടിയാണ് ഉമ്രാൻ മാലിക്ക്.

” അവൻ പാകിസ്ഥാനിൽ ആയിരുന്നെങ്കിൽ ഇതിനോടകം ഒരുപക്ഷേ അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചേനെ. അവൻ്റെ ഇക്കോണമി കൂടുതലാണ്. പക്ഷേ വിക്കറ്റ് ലഭിക്കുന്നതിനാൽ അവനൊരു സ്ട്രൈക്ക് ബൗളറാണ്. ഓരോ മത്സരത്തിന് ശേഷവും അവൻ്റെ സ്പീഡ് ചാർട്ട് നോക്കുമ്പോൾ അവൻ്റെ 155 കിലോമീറ്റർ വേഗതയിൽ പന്തെറിയിരുന്നു, അത് കുറയുന്നില്ല. ഇത് ഇന്ത്യൻ ടീമിൽ നല്ല മത്സരത്തിന് ഇടയാക്കുന്നു. ” കമ്രാൻ അക്മൽ പറഞ്ഞു.

ഈ ഐ പി എൽ സീസണിൽ ഏറ്റവും കൂടുതൽ പേരുടെ ശ്രദ്ധയാകർഷിച്ച ജമ്മു കാശ്മീർ പേസർ ഉമ്രാൻ മാലിക്ക്. റൺസ് അധികമായി വഴങ്ങിയെങ്കിലും വേഗത കൊണ്ട് ഉമ്രാൻ ക്രിക്കറ്റ് ആരാധകരെയും മുൻ താരങ്ങളെയും ഞെട്ടിച്ചു.

” നേരത്തേ ഇന്ത്യൻ ക്രിക്കറ്റിന് നിലവാരമുള്ള ഫാസ്റ്റ് ബൗളർമാർ ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ അവർക്ക് നവദീപ് സയ്നി, മൊഹമ്മദ് സിറാജ്, മൊഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ അടക്കമുള്ള പേസർമാരുടെ നീണ്ടനിരയുണ്ട്. ഉമേഷ് യാദവ് മനോഹരമായി പന്തെറിയുന്നു. 10-12 മികച്ച പേസർമാർ ഉള്ളതിനാൽ ഇന്ത്യൻ സെലക്ടർമാർക്ക് സെലക്ഷൻ നടത്തുന്നത് അൽപ്പം ബുദ്ധിമുട്ടാണ്. ” കമ്രാൻ അക്മൽ പറഞ്ഞു.

” കഴിഞ്ഞ സീസണിൽ ഒന്നോ രണ്ടോ മത്സരങ്ങളിൽ മാത്രമാണ് ഉമ്രാൻ മാലിക്ക് കളിച്ചത്. അവൻ പാകിസ്ഥാനിൽ ആയിരുന്നെങ്കിൽ തീർച്ചയായും ഞങ്ങൾക്ക് വേണ്ടി കളിച്ചേനെ. പക്ഷേ ഇന്ത്യ അവൻ്റെ കാര്യത്തിൽ പക്വത കാണിച്ചു. ഒരു സീസൺ മുഴുവൻ കളിക്കുവാൻ അവനെ അനുവദിച്ചു. ബ്രെയ്റ്റ് ലീയും ഷോയിബ് അക്തറും റൺസ് വഴങ്ങിയിരുന്നു, പക്ഷേ അവർ വിക്കറ്റുകൾ വീഴ്ത്തി. ഒരു സ്ട്രൈക്ക് ബൗളർ അങ്ങനെ ആയിരിക്കണം. ” അക്മൽ കൂട്ടിച്ചേർത്തു.