Skip to content

ജനറേറ്റർ പിന്നെ എന്തിനുവേണ്ടിയാണ്, ബിസിസിഐയെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്

ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും തമ്മിൽ നടന്ന മത്സരത്തിനിടെ ഉണ്ടായ ഡി ആർ എസ് വിവാദത്തിൽ ബിസിസിഐയ്ക്കെതിരെ രൂക്ഷ വിമർശനവുനായി മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. മുംബൈ ഇന്ത്യൻസ് അഞ്ച് വിക്കറ്റിന് വിജയിച്ച മത്സരത്തിലെ ആദ്യ ഓവറുകളിൽ സ്റ്റേഡിയത്തിലുണ്ടായ പവർകട്ടിനെ തുടർന്ന് ചെന്നൈ സൂപ്പർ കിങ്സിന് റിവ്യൂ എടുക്കുവാൻ സാധിച്ചിരുന്നില്ല.

ഒറ്റ നോട്ടത്തിൽ പോലും നോട്ടൗട്ടായിരുന്നിട്ടും ആദ്യ ഓവറിൽ അമ്പയറുടെ തീരുമാനത്തിനെതിരെ റിവ്യൂ നൽകുവാൻ സി എസ് കെ ഓപ്പണർ കോൺവേയ്ക്ക് സാധിച്ചിരുന്നില്ല. പിന്നാലെ റോബിൻ ഉത്തപ്പ LBW യിലൂടെ പുറത്താവുകയും ഡി ആർ എസ് ലഭ്യമല്ലാത്തതിനാൽ റിവ്യൂ നൽകാനാകാതെ ഉത്തപ്പയ്ക്കും മടങ്ങേണ്ടിവന്നു.

” പവർ കട്ട് കാരണം ഡി ആർ എസ് ലഭ്യമല്ലെന്നത് ഏവരെയും ആശ്ചര്യപെടുത്തുന്ന കാര്യമായിരുന്നു. ജനറേറ്റർ ഉപയോഗിക്കാൻ കഴിയുന്നത്ര വലിയ ലീഗല്ലേ ഐ പി എൽ. ഏത് സോഫ്റ്റ്വെയർ ആയിരുന്നാലും അത് ബാക്കപ്പ് വൈദ്യുതിയിലൂടെ പ്രവർത്തന സജ്ജമാക്കണമായിരുന്നു. ബിസിസിഐയെ സംബന്ധിച്ച് ഇതൊരു വലിയ ചോദ്യമാണ്. ” സെവാഗ് പറഞ്ഞു.

” സ്റ്റേഡിയത്തിൽ പവർകട്ട് ഉണ്ടായാൽ എന്തുസംഭവിക്കും. ജനറേറ്റർ സ്റ്റേഡിയത്തിലെ ലൈറ്റുകൾക്ക് മാത്രമാണോ. ബ്രോഡ്കാസ്റ്റർക്കും അവരുടെ സംവിധാനങ്ങളും അപ്പോൾ എന്തുചെയ്യും. മത്സരം നടക്കുന്നുവെങ്കിൽ ഡി ആർ എസ് ഉപയോഗിക്കണമായിരുന്നു. അല്ലെങ്കിൽ മത്സരത്തിൽ മുഴുവൻ ഡി ആർ എസ് ഉപയോഗിക്കുവാൻ പാടില്ല. കാരണം ഈ തീരുമാനം ചെന്നൈയ്ക്ക് മത്സരത്തിൽ തിരിച്ചടിയായി. മുംബൈ ഇന്ത്യൻസ് ആദ്യം ബാറ്റ് ചെയ്യുകയാണെങ്കിൽ അവരും കഷ്ടപെടുമായിരുന്നു. ” സെവാഗ് കൂട്ടിച്ചേർത്തു.

മത്സരത്തിൽ പരാജയപെട്ടതോടെ ചെന്നൈ സൂപ്പർ കിങ്സ് പ്ലേയോഫ് കാണാതെ പുറത്തായി. മുംബൈ ഇന്ത്യൻസിന് ശേഷം ഈ സീസണിൽ പ്ലേയോഫ് കാണാതെ പുറത്താകുന്ന രണ്ടാമത്തെ ടീമാണ് ചെന്നൈ സൂപ്പർ കിങ്സ്.