Skip to content

ഇംഗ്ലണ്ട് തിരിച്ചെത്തുമോ, ടെസ്റ്റ് ടീമിൻ്റെ ഹെഡ് കോച്ചായി ബ്രണ്ടൻ മക്കല്ലത്തെ നിയമിച്ച് ഇംഗ്ലണ്ട്

ടെസ്റ്റ് ക്രിക്കറ്റിലെ ദയനീയ പ്രകടനത്തിന് പുറകെ അടിമുടി മാറ്റത്തിനൊരുങ്ങി ഇംഗ്ലണ്ട് ക്യാപ്റ്റനായി ഓൾ റൗണ്ടർ ബെൻ സ്റ്റോക്സിനെ നിയമിച്ച ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൻ്റെ ഹെഡ് കോച്ചായി മുൻ ന്യൂസിലൻഡ് ക്യാപ്റ്റൻ ബ്രണ്ടൻ മക്കല്ലത്തെ നിയമിച്ചു. നിലവിൽ ഐ പി എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ഹെഡ് കോച്ചായ മക്കല്ലം ഈ സീസൺ അവസാനിക്കുന്നതോടെ ഇംഗ്ലണ്ട് ടീമിൻ്റെ ഹെഡ് കോച്ചായി സ്ഥാനം ഏറ്റെടുക്കും.

ലിമിറ്റഡ് ഓവർ ടീമിൻ്റെ ഹെഡ് കോച്ചിനെ ഇംഗ്ലണ്ട് ഇതുവരെ നിയമിച്ചിട്ടില്ല. ആഷസ് പരമ്പരയിലെ ദയനീയ തോൽവിയ്ക്ക് പുറകെയാണ് ക്രിസ് സിൽവർ വുഡിനെ ഇംഗ്ലണ്ട് ഹെഡ് കോച്ച് സ്ഥാനത്തുനിന്നും മാറ്റിയത്. അതിനുപിന്നാലെ വിൻഡീസിനെതിരായ പരമ്പരയിലും തോറ്റതോടെ ജോ റൂട്ട് ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയും ചെയ്തു.

ഈ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിരാശപെടുത്തുന്ന പ്രകടനമാണ് ഇംഗ്ലണ്ട് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. കളിച്ച 12 മത്സരങ്ങളിൽ ഒരേയൊരു മത്സരത്തിൽ വിജയിക്കാൻ മാത്രമാണ് ഇംഗ്ലണ്ടിന് സാധിച്ചത്. 7 മത്സരങ്ങളിൽ പരാജയപെട്ടപ്പോൾ 4 മത്സരങ്ങൾ സമനിലയിൽ കലാശിച്ചു.

ഇതാദ്യമായാണ് ബ്രണ്ടൻ മക്കല്ലം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഹെഡ് കോച്ചാകുന്നത്. ഫ്രാഞ്ചൈസി തലത്തിൽ ഐ പി എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെയും കരീബിയൻ പ്രീമിയർ ലീഗിൽ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിൻ്റെയും ഹെഡ് കോച്ചായിരുന്നു ബ്രണ്ടൻ മക്കല്ലം.

2013 മുതൽ 2016 വരെ ന്യൂസിലൻഡിനെ 31 ടെസ്റ്റ് മത്സരങ്ങളിൽ മക്കല്ലം നയിച്ചിട്ടുണ്ട്. 11 മത്സരങ്ങളിൽ ടീം വിജയിച്ചപ്പോൾ 11 മത്സരങ്ങളിൽ മക്കല്ലത്തിൻ്റെ കീഴിൽ ന്യൂസിലൻഡ് പരാജയപെട്ടു. ബാറ്റിങിൽ എന്ന പോലെ ക്യാപ്റ്റൻസിയിലും അറ്റാക്കിങ് രീതിയായിരുന്നു മക്കല്ലം പിന്തുടർന്നിരുന്നത്. ഇംഗ്ലണ്ട് ക്യാപ്റ്റനായി മക്കല്ലത്തിൻ്റെ ആദ്യ വെല്ലുവിളി തൻ്റെ രാജ്യത്തിനെതിരായ പരമ്പരയാണ്. ജൂൺ രണ്ടിനാണ് ന്യൂസിലൻഡും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.