Skip to content

എന്തിനാണ് ഇന്ത്യയ്ക്ക് പുറകെ പോകുന്നത്, അവർ പാകിസ്ഥാനിൽ വന്നു കളിക്കട്ടേ, ഇന്ത്യ – പാക് മത്സരങ്ങൾ പുനരാരംഭിക്കുന്നതിനെ കുറിച്ച് മുൻ പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പരമ്പരകൾ പുനരാരംഭിക്കുവാൻ ഇന്ത്യയ്ക്ക് പുറകെ പോകേണ്ടതില്ലെന്ന് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ എഹ്സൻ മാനി. അഭിമാനവും സത്യസന്ധതയും പാകിസ്ഥാനുണ്ടെന്നും അതുകൊണ്ട് തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള പരമ്പരകൾ പുനരാരംഭിക്കുവാൻ ഇന്ത്യയ്ക്ക് പുറകെ പോകരുതെന്നും മാനി പറഞ്ഞു.

രാഷ്ട്രീയ സംഘർഷങ്ങളെ തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പരമ്പര നിർത്തിവെച്ചത്. നിലവിൽ ഐസിസി ടൂർണമെൻ്റുകളിലും ഏഷ്യ കപ്പിലും മാത്രമാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. 2012-13 ലാണ് അവസാനമായി ഇരുരാജ്യങ്ങളിലും തമ്മിലുള്ള പരമ്പര നടന്നത്.

ഐസിസി ടൂർണമെൻ്റ്, ഏഷ്യ കപ്പ് തുടങ്ങിയ ബഹുരാഷ്ട്ര പരമ്പരകൾ കൂടാതെ ഇന്ത്യ – പാകിസ്ഥാൻ മത്സരങ്ങൾ നടത്തുവാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. ഇരു ടീമുകളും തമ്മിലുള്ള മത്സരങ്ങൾക്ക് ബിസിസിഐയുടെ ഭാഗത്തുനിന്നും എതിർപ്പ് ഉണ്ടായില്ലയെങ്കിലും ഇന്ത്യ ഗവൺമെൻ്റിൻ്റെ അംഗീകാരം ലഭിച്ചില്ല. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ മുന്നോട്ടുവെച്ച ഇന്ത്യയും പാകിസ്ഥാനും ഓസ്ട്രേലിയയും ഇംഗ്ലണ്ടും അടങ്ങിയ ചതുർരാഷ്ട്ര ടി20 ടൂർണമെൻ്റിനുള്ള പ്രപ്പോസൽ ഐസിസി തിരസ്കരിച്ചിരുന്നു.

” ഇത് ഞാൻ എല്ലായ്പ്പോഴും വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. അവർക്ക് കളിക്കണമെങ്കിൽ അവർ പാകിസ്ഥാനിൽ വന്ന് കളിക്കട്ടെ. ഒരിക്കലും ഞാൻ ഇന്ത്യ പാക് മത്സരങ്ങളോട് നോ പറഞ്ഞിട്ടില്ല. പക്ഷേ നമുക്കും ( പാകിസ്ഥാന് ) സത്യസന്ധതയും അഭിമാനവുമുണ്ട്. നമ്മൾ എന്തിനാണ് ഇന്ത്യയുടെ പുറകെ പോകുന്നത് ? അവർ തയ്യാറാണെങ്കിൽ മാത്രം നമ്മൾ തയ്യാറായാൽ മതി. ” എഹ്സൻ മാനി പറഞ്ഞു.

ഓസ്ട്രേലിയയിൽ നടക്കുന്ന ഐസിസി ടി20 ലോകകപ്പിനാണ് പാകിസ്ഥാനും ഇന്ത്യയും ഇനി ഏറ്റുമുട്ടുന്നത്. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിനുള്ള ടിക്കറ്റുകൾ സെക്കൻഡുകൾക്കുള്ളിൽ വിറ്റഴിഞ്ഞിരുന്നു.