Skip to content

പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് അവൻ ആരോപണങ്ങൾ ഉന്നയിക്കുന്നത്, ഡാനിഷ് കനേരിയക്കെതിരെ ഷാഹിദ് അഫ്രീദി

മുൻ പാകിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. പ്രശസ്തിക്കും പണത്തിനും വേണ്ടിയാണ് കനേരിയ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അതുകൊണ്ടാണ് ശത്രു രാജ്യമായ ഇന്ത്യൻ മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകുന്നതെന്നും ഷാഹിദ് അഫ്രീദി ആരോപിച്ചു.

പ്രമുഖ ഇന്ത്യൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഷാഹിദ് അഫ്രീദിയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. അഫ്രീദി തന്നെ മനപൂർവ്വം ടീമിൽ നിന്നും ഒഴിവാക്കിയിരുന്നുവെന്നും മതം മാറുവാൻ പോലും അഫ്രീദി നിർദ്ദേശിച്ചിരുന്നുവെന്നും യൂനിസ് ഖാൻ ക്യാപ്റ്റനായതോടെയാണ് തനിക്ക് അവസരങ്ങൾ ലഭിക്കുവാൻ തുടങ്ങിയതെന്നും അഭിമുഖത്തിൽ കനേരിയ പറഞ്ഞിരുന്നു.

” കനേരിയ എനിക്ക് ഇളയ സഹോദരനെ പോലെയായിരുന്നു. വർഷങ്ങളോളം അവനൊപ്പം ഒരേ ഡിപ്പാർ്ട്മെൻ്റിൽ ഞാൻ കളിച്ചു. അവനോടുള്ള എൻ്റെ പെരുമാറ്റം മോശമായിരുന്നുവെങ്കിൽ എന്തുകൊണ്ടാണ് അവൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോടോ മറ്റു ഡിപ്പാർട്ട്മെൻ്റുകളോടോ പരാതിപെടാതിരുന്നത്. മതവികാരം വ്രണപെടുത്തുന്ന തരത്തിൽ അവൻ ശത്രു രാജ്യത്തിന് അഭിമുഖങ്ങൾ നൽകുന്നു. ” ഷാഹിദ് അഫ്രീദി ആരോപിച്ചു.

” ഞാൻ ടീമിൽ ഉണ്ടാകുവാൻ അഫ്രീദി ആഗ്രഹിച്ചിരുന്നില്ല. അഫ്രീദിയൊരു നുണയനായിരുന്നു, മറ്റു കളിക്കാരുടെ അടുത്തുപോയി എനിക്കെതിരെ പ്രകോപനം സൃഷ്ടിക്കാൻ അവൻ ശ്രമിച്ചിരുന്നു. ഭാഗ്യവശാൽ മറ്റുള്ളവരെല്ലാം എന്നെ വളരെയേറെ പിന്തുണച്ചു. യൂനിസ് ഖാൻ ക്യാപ്റ്റനായതിന് ശേഷം എല്ലാ മത്സരങ്ങളിലും ഞാൻ കളിച്ചു. ഞാൻ നന്നായി കളിച്ചതിൽ അഫ്രീദിയ്ക്ക് എന്നോട് അസൂയ തോന്നിയിരുന്നു. പാകിസ്ഥാന് വേണ്ടി കളിക്കാൻ സാധിച്ചതിൽ എനിക്കെന്നും അഭിമാനമുണ്ട്. ” അടുത്തിടെ നടന്ന അഭിമുഖത്തിൽ കനേരിയ പറഞ്ഞു.

പാകിസ്ഥാന് വേണ്ടി 61 ടെസ്റ്റ് മത്സരങ്ങളിലും 19 ഏകദിന മത്സരങ്ങളിലും കളിച്ചിട്ടുള്ള കനേരിയ ടെസ്റ്റിൽ 261 വിക്കറ്റും ഏകദിനത്തിൽ 15 വിക്കറ്റും നേടിയിട്ടുണ്ട്.