Skip to content

തകർത്താടി ഡേവിഡ് വാർണർ, സ്വന്തമാക്കിയത് ചരിത്രനേട്ടം, പിന്നിലാക്കിയത് ക്രിസ് ഗെയ്ലിനെ

തകർപ്പൻ പ്രകടനമാണ് സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിൻ്റെ ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ കാഴ്ച്ചവെച്ചത്. തൻ്റെ പഴയ ടീമിനെതിരായ മത്സരത്തിൽ ഫിഫ്റ്റി നേടിയ വാർണർ 92 റൺസ് നേടി പുറത്താകാതെ നിന്നിരുന്നു. ഈ തകർപ്പൻ പ്രകടനത്തോടെ ടി20 ക്രിക്കറ്റിൽ ചരിത്രനേട്ടം കുറിച്ചിരിക്കുകയാണ് ഡേവിഡ് വാർണർ.

( Picture Source : IPL / BCCI )

34 പന്തിൽ നിന്നും ഫിഫ്റ്റി നേടിയ വാർണർ 12 ഫോറും 3 സിക്സുമടക്കം പുറത്താകാതെ 92 റൺസ് നേടിയിരുന്നു. സീസണിലെ വാർണറിൻ്റെ നാലാം ഫിഫ്റ്റി കൂടിയാണിത്.

ടി20 ക്രിക്കറ്റിലെ തൻ്റെ 89 ആമ് ഫിഫ്റ്റിയാണ് മത്സരത്തിൽ ഡേവിഡ് വാർണർ നേടിയത്. ഇതോടെ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്രറെക്കോർഡ് ഡേവിഡ് വാർണർ സ്വന്തമാക്കി. 88 ഫിഫ്റ്റി നേടിയിട്ടുള്ള ക്രിസ് ഗെയ്ലിനെയാണ് വാർണർ പിന്നിലാക്കിയത്. 77 ഫിഫ്റ്റി നേടിയ വിരാട് കോഹ്ലി, 71 ഫിഫ്റ്റി നേടിയ ഷോയിബ് മാലിക്ക്, 70 ഫിഫ്റ്റി നേടിയ ഡേവിഡ് വാർണർ എന്നിവരാണ് ഈ പട്ടികയിൽ വാർണർക്കും ഗെയ്ലിനും പിന്നിലുള്ളത്.

( Picture Source : IPL / BCCI )

മത്സരത്തിലെ 3 സിക്സ് പറത്തിയ വാർണർ ടി20 ക്രിക്കറ്റിൽ 400 സിക്സും പൂർത്തിയാക്കി. ടി20 ക്രിക്കറ്റിൽ 400 സിക്സ് നേടുന്ന പത്താമത്തെ ബാറ്റ്സ്മാനാണ് ഡേവിഡ് വാർണർ. ക്രിസ് ഗെയ്ൽ, കീറോൺ പൊള്ളാർഡ്, ആന്ദ്രെ റസ്സൽ, ബ്രണ്ടൻ മക്കല്ലം, ഷെയ്ൻ വാട്സൺ, എബി ഡിവില്ലിയേഴ്സ്, രോഹിത് ശർമ്മ, ആരോൺ ഫിഞ്ച്, കോളിൻ മൺറോ എന്നിവരാണ് വാർണർക്ക് മുൻപിൽ ടി20 ക്രിക്കറ്റിൽ 400 സിക്സ് നേടിയിട്ടുള്ള മറ്റു ബാറ്റ്സ്മാന്മാർ.

( Picture Source : IPL / BCCI )

വാർണർക്കൊപ്പം 35 പന്തിൽ 67 റൺസ് നേടി തകർത്തടിച്ച റോവ്മാൻ പവലിൻ്റെ മികവിൽ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് ഡൽഹി ക്യാപിറ്റൽസ് അടിച്ചുകൂട്ടി.

( Picture Source : IPL / BCCI )