സെഞ്ചുറി വേണ്ട, നീ പറ്റാവുന്ന ശക്തിയിൽ ആഞ്ഞടിക്കൂ, അവസാന ഓവറിൽ സിംഗിളിന് ശ്രമിക്കാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി റോവ്മാൻ പവൽ
വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് സൺറൈസേഴ്സിനെതിരായ മത്സരത്തിൽ ഡേവിഡ് വാർണറും റോവ്മാൻ പവലും ഡൽഹി ക്യാപിറ്റൽസിനായി പുറത്തെടുത്തത്. ഇരുവരുടെയും ഫിഫ്റ്റി മികവിൽ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് ഡൽഹി അടിച്ചുകൂട്ടി. മത്സരത്തിൽ 92 റൺസ് നേടി വാർണർ നിൽക്കുമ്പോഴും അവസാന ഓവറിലെ ആറ് പന്തും നേരിട്ടത് റോവ്മാൻ പവലായിരുന്നു. ഇന്നിങ്സിന് ശേഷം വാർണറിന് സെഞ്ചുറി നേടാനായി സിംഗിളിന് ശ്രമിക്കാതിരുന്നതിൻ്റെ കാരണം പവൽ തന്നെ തുറന്നുപറഞ്ഞു.

ഡേവിഡ് വാർണർ 58 പന്തിൽ 12 ഫോറും 3 സിക്സുമടക്കം 92 റൺസ് നേടിയപ്പോൾ പവൽ 35 പന്തിൽ 4 ഫോറും 6 സിക്സുമടക്കം 67 റൺസ് അടിച്ചുകൂട്ടി. ഇരുവരുടെയും മികവിൽ നിശ്ചിത 20 ഓവറിൽ 207 റൺസ് ഡൽഹി ക്യാപിറ്റൽസ് നേടി.

” ആ ഓവറിന് മുൻപേ സെഞ്ചുറി നേടാനായി സിംഗിൾ നേടണോയെന്ന് ഞാൻ വാർണറിനോട് ചോദിച്ചിരുന്നു. അങ്ങനെയല്ല നമ്മൾ ക്രിക്കറ്റ് കളിക്കേണ്ടതെന്ന് പറഞ്ഞ അവൻ കഴിയാവുന്നത്ര ശക്തിയിൽ എന്നോട് ആഞ്ഞടിക്കാൻ ആവശ്യപെട്ടു. ഞാൻ അതുപോലെ ചെയ്യുകയും ചെയ്തു. ” റോവ്മാൻ പവൽ പറഞ്ഞു.

” കുറച്ച് ദിവസം മുൻപ് റിഷഭ് പന്തുമായി ബാറ്റിങ് പൊസിഷനെ കുറിച്ച് ഞാൻ സംസാരിച്ചിരുന്നു. ഏത് പൊസിഷനിലാണ് ബാറ്റ് ചെയ്യേണ്ടതെന്ന് അവനെന്നോട് ചോദിച്ചു. എന്നെ വിശ്വസിക്കാൻ ഞാൻ അവനോട് ആവശ്യപെട്ടു. സ്പിന്നർമാർക്കെതിരെയും പേസർമാർക്കെതിരെയും ഞാനെൻ്റെ കളി മെച്ചപെടുത്തി. പത്തോ പതിനഞ്ചോ പന്തുകൾ നേരിട്ട ശേഷം പിന്നീട് ഷോട്ടുകൾക്ക് ശ്രമിക്കാൻ ഞാൻ തീരുമാനിച്ചു. ” പവൽ കൂട്ടിചേർത്തു.
