Skip to content

കഴിഞ്ഞ രണ്ട് ലോകകപ്പിലും അവർക്ക് തിരിച്ചടിയായത് അക്കാര്യമാണ്, യുവരാജ് സിങ്

കഴിഞ്ഞ ഐസിസി ടൂർണമെൻ്റുകളിലെ ഇന്ത്യയുടെ മോശം പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യുവരാജ് സിങ്. 2013 ചാമ്പ്യൻസ് ട്രോഫിയാണ് ഇന്ത്യ അവസാനമായി നേടിയ ഐസിസി ടൂർണമെൻ്റ്. കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പിലാകട്ടെ ദയനീയ പ്രകടനമായിരുന്നു ഇന്ത്യ പുറത്തെടുത്തത്.

” 2011 ൽ ഏകദിന ലോകകപ്പ് നേടിയപ്പോൾ ഞങ്ങൾക്ക് എല്ലാവർക്കും സ്ഥിരമായ ബാറ്റിങ് പൊസിഷൻ ഉണ്ടായിരുന്നു. 2019 ലോകകപ്പിൽ അവർ നന്നായി പ്ലാൻ ചെയ്തില്ലയെന്ന് എനിക്ക് തോന്നി. അഞ്ചോ ആറോ മത്സരം മാത്രം കളിച്ചിട്ടുള്ള വിജയ് ശങ്കറെ അവർ നാലാമനായി ഇറക്കി. പിന്നീട് നാല് ഏകദിനം മാത്രം കളിച്ചിട്ടുള്ള പന്തിനെ അവർ പകരക്കാരനായി എത്തിച്ചു. എന്നാൽ 2003 ലോകകപ്പിൽ കളിക്കുമ്പോൾ ഞാനും മൊഹമ്മദ് കൈഫും, ദിനേഷ് മോഗിയയും 50 ലധികം ഏകദിന മത്സരങ്ങൾ കളിച്ചിരുന്നു. ” യുവരാജ് സിങ് പറഞ്ഞു.

” ടി20 ക്രിക്കറ്റിലേക്ക് വന്നാൽ നമ്മുടെ മധ്യനിര ബാറ്റ്സ്മാന്മാർ ഫ്രാഞ്ചൈസി ക്രിക്കറ്റിൽ മുൻനിരയിലാണ് ബാറ്റ് ചെയ്യുന്നത്. അതാണ് ടി20 ക്രിക്കറ്റിൽ നമുക്ക് തിരിച്ചടിയായത്. ” യുവരാജ് സിങ് കൂട്ടിചേർത്തു.

2014 ടി20 ലോകകപ്പിലും 2017 ചാമ്പ്യൻസ് ട്രോഫിയിലും 2021 ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഫൈനലിൽ പ്രവേശിച്ച ഇന്ത്യ 2016 ടി20 ലോകകപ്പിലും 2019 ഏകദിന ലോകകപ്പിലും സെമി ഫൈനലിലും പ്രവേശിച്ചിരുന്നു. എന്നാൽ കഴിഞ്ഞ 9 വർഷമായി ഐസിസി ടൂർണമെൻ്റുകളിലും ചാമ്പ്യന്മാരാകുവാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. ഈ വർഷം ഓസ്ട്രേലിയയിൽ ടി20 ലോകകപ്പും തൊട്ടടുത്ത വർഷം ഇന്ത്യയിൽ ഏകദിന ലോകകപ്പും നടക്കാനിരിക്കെ നീണ്ട കാത്തിരിപ്പിന് വിരാമമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.