Skip to content

ധോണിയായിരുന്നു ക്യാപ്റ്റനെങ്കിൽ അവർ ഇത്രയും മത്സരം പരാജയപെടുകയില്ലായിരുന്നു, വീരേന്ദർ സെവാഗ്

സീസണിൻ്റെ തുടക്കം മുതൽ മഹേന്ദ്ര സിങ് ധോണിയായിരുന്നു ക്യാപ്റ്റനെങ്കിൽ ചെന്നൈ സൂപ്പർ കിങ്സ് ഇത്രയും മത്സരങ്ങളിൽ പരാജയപെടുകയില്ലായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ജഡേജയെ ക്യാപ്റ്റനാക്കിയതിൽ പിഴവ് പറ്റിയെന്നും ഒപ്പം പാതിവഴിയിൽ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത് അതിലേറെ തെറ്റായിപോയെന്നും മുൻ ഇന്ത്യൻ ഓപ്പണർ അഭിപ്രായപെട്ടു.

” എസ് എസ് ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയും ജഡേജയെ ക്യാപ്റ്റനാക്കുകയും ചെയ്തതാണ് അവർ ചെയ്ത ആദ്യ തെറ്റ്. അതൊരു തെറ്റായ തീരുമാനമായിരുന്നുവെന്ന് ഞാൻ കരുതുന്നു. കൂടാതെ ജഡേജയെ ക്യാപ്റ്റനാക്കിയെങ്കിൽ സീസണിൽ മുഴുവൻ ക്യാപ്റ്റനായി ജഡേജയെ നിലനിർത്തേണ്ടതായിരുന്നു. ”

” ഒരു സ്ഥിരതയാർന്ന പ്ലേയിങ് ഇലവൻ അവർക്കുണ്ടായിരുന്നില്ല. റുതുരാജ് ഗയ്ക്ക്വാദിന് തുടക്കത്തിൽ റൺസ് നേടുവാൻ സാധിച്ചില്ല. ബാറ്റർമാരിൽ ആർക്കും തന്നെ സ്ഥിരത പുലർത്താൻ സാധിച്ചില്ല. ഒരു മത്സരത്തിൽ ധോണി സ്കോർ ചെയ്തു, മറ്റൊരു മത്സരത്തിൽ ഗയ്ക്ക്വാദും, ഒരു മത്സരത്തിൽ ധോണി അവസാന ഓവറിൽ ബൗണ്ടറികൾ നേടിയെങ്കിലും മത്സരം അതിനുമുൻപേ അവർ കൈവിട്ടിരുന്നു. ” സെവാഗ് പറഞ്ഞു.

” അവർക്ക് മോശം തുടക്കമാണ് ലഭിച്ചത്, ബാറ്റ്സ്മാന്മാർ റൺസ് നേടിയില്ല. അവിടെ നിന്നും സീസൺ കുഴപ്പത്തിലായി. തുടക്കം മുതൽ ധോണിയാണ് ക്യാപ്റ്റനെങ്കിൽ അതവർക്ക് ഗുണകരമായേനെ. ഒരുപക്ഷേ ഇത്രയും മത്സരങ്ങൾ അവർ പരാജയപെടുകയില്ലായിരുന്നു. ” സെവാഗ് കൂട്ടിച്ചേർത്തു.

സീസണിൽ 10 മത്സരങ്ങളിൽ മൂന്നെണ്ണെത്തിൽ വിജയിക്കാൻ മാത്രമേ ചെന്നൈ സൂപ്പർ കിങ്സിന് സാധിച്ചിട്ടുള്ളൂ. ഇനി ബാക്കിയുള്ള നാല് മത്സരങ്ങളിൽ വിജയിച്ചാലും പ്ലേയോഫിൽ പ്രവേശിക്കാൻ സി എസ് കെ യ്ക്ക് സാധിച്ചേക്കില്ല. മേയ് എട്ടിന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് ചെന്നൈ സൂപ്പർ കിങ്സിൻ്റെ അടുത്ത മത്സരം.