Skip to content

നിനക്കൊപ്പം ബാറ്റ് ചെയ്യാനാകില്ല, നീ വളരേ വേഗത്തിലാണ് ഓടുന്നത്, വിരാട് കോഹ്ലിയോട് ഗ്ലെൻ മാക്സ്വെൽ, വീഡിയോ കാണാം



ചെന്നൈ സൂപ്പർ കിങ്സിനെ 13 റൺസിന് പരാജയപ്പെടുത്തി വിജയവഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷമുളള വിജയത്തോടെ പോയിൻറ് ടേബിളിൽ നാലാം സ്ഥാനത്തെത്തുവാനും ആർ സീ ബിയ്ക്ക് സാധിച്ചു.

മത്സരത്തിൽ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് പുറത്തായതിന് പുറകെ മൂന്നാമനായി എത്തിയ ഗ്ലെൻ മാക്സ്വെൽ 3 റൺസ് നേടി റണ്ണൗട്ടായിരുന്നു. കോഹ്ലിയുടെ കോളിൽ സിംഗിൾ നേടാനുള്ള ശ്രമത്തിനിടെയാണ് മാക്സ്‌വെൽ റണ്ണൗട്ടായത്. മത്സരശേഷം ടീമിൻ്റെ സെലിബ്രേഷനിടെ റണ്ണൗട്ടായതിൻ്റെ പരിഭവം തമാശയായി മാക്സ്വെൽ വിരാട് കോഹ്ലിയോട് പറയുകയും ചെയ്തു.

” എനിക്ക് നിന്നോടൊപ്പം ബാറ്റ് ചെയ്യാൻ കഴിയില്ല. നീ വളരെ വേഗത്തിൽ ഓടുന്നു. നിനക്ക് സിംഗിളും ഡബിളും ലഭിക്കും. എനിക്ക് കിട്ടില്ല. ” വിരാട് കോഹ്ലിയോട് മാക്സ്വെൽ പറഞ്ഞു.

വീഡിയോ ;

ബാറ്റ് കൊണ്ട് തിളങ്ങാൻ സാധിച്ചില്ലയെങ്കിലും ബൗളിങിൽ മികച്ച പ്രകടനമാണ് മാക്സ്വെൽ കാഴ്ച്ചവെച്ചത്. നാലോവറിൽ 22 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് മാക്സ്വെൽ നേടിയിരുന്നു. മാക്സ്വെല്ലിനൊപ്പം മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹർഷൽ പട്ടേലും മികവ് പുലർത്തിയതോടെയാണ് ചെന്നൈ സൂപ്പർ കിങ്സിനെ നിശ്ചിത 20 ഓവറിൽ 160 റൺസിൽ ഒതുക്കി 13 റൺസിൻ്റെ വിജയം ആർ സീ ബി നേടിയത്.

സീസണിലെ ആറാം വിജയമാണ് മത്സരത്തിൽ ബാംഗ്ലൂർ കുറിച്ചത്. വിജയത്തോടെ പോയിൻ്റ് ടേബിളിൽ നാലാം സ്ഥാനത്തെത്തി പ്ലേയോഫ് സാധ്യതകൾ സജീവമാക്കുവാൻ ബാംഗ്ലൂരിന് സാധിച്ചു. മേയ് എട്ടിന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് ബാംഗ്ലൂരിൻ്റെ അടുത്ത മത്സരം.