ഐ പി എല്ലിൽ വീണ്ടും തകർപ്പൻ റെക്കോർഡ് കുറിച്ച് കെ എൽ രാഹുൽ, പിന്നിലാക്കിയത് സഞ്ജു സാംസണെ

ഇന്ത്യൻ പ്രീമിയർ ലീഗിലെ തൻ്റെ സ്ഥിരതയാർന്ന പ്രകടനം തുടരുകയാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സ് ക്യാപ്റ്റൻ കെ എൽ രാഹുൽ. സീസണിൽ ഇതിനോടകം രണ്ട് സെഞ്ചുറി നേടി കഴിഞ്ഞ കെ എൽ രാഹുൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഫിഫ്റ്റി നേടിയാണ് പുറത്തായത്. 5 സിക്സ് മത്സരത്തിൽ കെ എൽ രാഹുൽ പറത്തിയിരുന്നു. ഇതോടെ ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ലഖ്നൗ ക്യാപ്റ്റൻ.

( Picture Source : IPL )

51 പന്തിൽ 77 റൺസ് നേടി പുറത്തായ കെ എൽ രാഹുലിൻ്റെ ബാറ്റിൽ നിന്നും 4 ഫോറും 5 സിക്സും പിറന്നിരുന്നു. മത്സരത്തിൽ ആദ്യ സിക്സ് നേടിയതോടെ ഐ പി എല്ലിൽ 150 സിക്സ് കെ എൽ രാഹുൽ പൂർത്തിയാക്കി. വെറും 95 ഇന്നിങ്സിൽ നിന്നുമാണ് 150 സിക്സ് കെ എൽ രാഹുൽ നേടിയത്. ഇതോടെ ഐ പി എല്ലിൽ ഏറ്റവും വേഗത്തിൽ 150 സിക്സ് നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനെന്ന റെക്കോർഡ് കെ എൽ രാഹുൽ സ്വന്തമാക്കി.

( Picture Source : IPL )

125 ഇന്നിങ്സിൽ നിന്നും 150 സിക്സ് നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെ പിന്നിലാക്കിയാണ് ഈ റെക്കോർഡ് കെ എൽ രാഹുൽ സ്വന്തമാക്കിയത്.

ഏറ്റവും വേഗത്തിൽ 150 സിക്സ് നേടിയ മൂന്നാമത്തെ ബാറ്റ്സ്മാൻ കൂടിയാണ് കെ എൽ രാഹുൽ. 72 ഇന്നിങ്സിൽ നിന്നും 150 സിക്സ് നേടിയ ആന്ദ്രെ റസ്സൽ, 50 ഇന്നിങ്സിൽ 150 സിക്സ് നേടിയ ക്രിസ് ഗെയ്ൽ എന്നിവരാണ് കെ എൽ രാഹുലിന് മുൻപിലുള്ളത്.

( Picture Source : IPL )

മത്സരത്തിലെ പ്രകടനത്തോടെ സീസണിൽ 400 റൺസ് കെ എൽ രാഹുൽ പൂർത്തിയാക്കി. 10 മത്സരങ്ങളിൽ നിന്നും 56.38 ശരാശരിയിൽ 140 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 451 റൺസ് കെ എൽ രാഹുൽ സീസണിൽ ഇതുവരെ നേടിയിട്ടുണ്ട്.

( Picture Source : IPL )