Skip to content

കൗണ്ടിയിലെ രണ്ടാം ഡബിൾ സെഞ്ചുറി, മൊഹമ്മദ് അസഹറുദ്ദീൻ്റെ റെക്കോർഡിനൊപ്പമെത്തി ചേതേശ്വർ പുജാര

കൗണ്ടി ക്രിക്കറ്റിലെ തൻ്റെ തകർപ്പൻ പ്രകടനം തുടരുകയാണ് ഇന്ത്യൻ സീനിയർ ബാറ്റ്സ്മാൻ ചേതേശ്വർ പുജാര. സസെക്സിന് വേണ്ടിയുള്ള തൻ്റെ അരങ്ങേറ്റ മത്സരത്തിൽ ഡബിൾ സെഞ്ചുറി നേടിയ പുജാര തൊട്ടടുത്ത മത്സരത്തിൽ സെഞ്ചുറിയും ഇപ്പോൾ തൻ്റെ മൂന്നാം മത്സരത്തിൽ വീണ്ടും ഡബിൾ സെഞ്ചുറി നേടുകയും ചെയ്തു. ഇതോടെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മൊഹമ്മദ് അസറുദ്ദിനൊപ്പം അപൂർവ്വനേട്ടത്തിൽ ഇടം പിടച്ചിരിക്കുകയാണ് പുജാര.

( Picture Source : Twitter )

ഡർബിഷയറിനെതിരായ മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ 387 പന്തിൽ 201 റൺസ് നേടിയ പുജാര തൊട്ടടുത്ത മത്സരത്തിൽ വോർസെസ്റ്റർഷയറിനെതിരെ ആദ്യ ഇന്നിങ്സിൽ 206 പന്തിൽ 109 റൺസും ഒടുവിൽ ഡർഹാമിനെതിരായ മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ 334 പന്തിൽ 203 റൺസ് നേടി.

( Picture Source : Twitter )

കൗണ്ടിയിലെ തൻ്റെ രണ്ടാം സെഞ്ചുറിയോടെ കൗണ്ടി ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ രണ്ട് ഡബിൾ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനായി ചേതേശ്വർ പുജാര മാറി. 1991 ൽ ലെസ്റ്റർഷയറിനെതിരെയും 1994 ൽ ഡർഹാമിനെതിരെയും ഡബിൾ സെഞ്ചുറി നേടിയിട്ടുള്ള മുൻ ഇന്ത്യൻ ക്യാപ്റ്റൻ മൊഹമ്മദ് അസറുദ്ദിനാണ് പുജാരയ്ക്ക് മുൻപ് കൗണ്ടിയിൽ രണ്ട് ഡബിൾ സെഞ്ചുറി നേടിയിട്ടുള്ള ഇന്ത്യൻ ബാറ്റ്സ്മാൻ.

( Picture Source : Twitter )

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പുജാരയുടെ പതിനഞ്ചാം ഡബിൾ സെഞ്ചുറി കൂടിയാണിത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഡബിൾ സെഞ്ചുറി നേടിയിട്ടുള്ള ഏഷ്യൻ ബാറ്റ്സ്മാൻ കൂടിയാണ് പുജാര. 13 ഡബിൾ സെഞ്ചുറി നേടിയ കുമാർ സംഗക്കാരയാണ് ഏഷ്യൻ ബാറ്റ്സ്മാന്മാരിൽ പുജാരയ്ക്ക് പുറകിലുള്ളത്.

ഈ കൗണ്ടി സീസണിൽ ഇതുവരെ 5 ഇന്നിങ്സിൽ നിന്നും 132.75 ശരാശരിയിൽ 531 റൺസ് പുജാര നേടിയിട്ടുണ്ട്. ഐ പി എൽ താരലേലത്തിൽ അൺസോൾഡായത് മറ്റൊരു തരത്തിൽ ഇപ്പോൾ പുജാരയ്ക്ക് ഗുണകരമായിരിക്കുകയാണ്.

( Picture Source : Twitter )