പർപ്പിൾ ക്യാപ് അവൻ നേടണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്, ചഹാലിനെ കുറിച്ച് കുൽദീപ് യാദവ്

തകർപ്പൻ പ്രകടനമാണ് ഈ ഐ പി എൽ സീസണിൽ കുൽദീപ് യാദവും യുസ്വേന്ദ്ര ചഹാലും കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. സീസണിൽ വിക്കറ്റ് വേട്ടയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലാണ് ഇരുവരുമുള്ളത്. എന്നാൽ ചഹാലുമായി യാതൊരു മത്സരവുമില്ലെന്നും ചഹാൽ തൻ്റെ സഹോദരനെ പോലെയാണെന്നും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരശേഷം കുൽദീപ് യാദവ് പറഞ്ഞു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ മൂന്നോവറിൽ 14 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ കുൽദീപ് യാദവ് വീഴ്ത്തിയിരുന്നു. സീസണിൽ ഇതിനോടകം 8 മത്സരങ്ങളിൽ നിന്നും 17 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 8 മത്സരങ്ങളിൽ നിന്നും 18 വിക്കറ്റ് നേടിയ ചഹാലാണ് കുൽദീപിന് മുൻപിലുള്ളത്.

” അവനുമായുള്ളത് ഒരു മത്സരമാണെന്ന് എനിക്ക് തോന്നിയിട്ടില്ല. അവൻ എനിക്ക് മൂത്ത സഹോദരനെ പോലെയാണ്. എനിക്ക് പരിക്കേറ്റപ്പോൾ അവൻ എന്നെ ഒരുപാട് പിന്തുണച്ചു. ഈ വർഷം പർപ്പിൾ ക്യാപ് അവൻ നേടണമെന്നാണ് ഞാൻ ഹൃദയം കൊണ്ട് ആഗ്രഹിക്കുന്നത്. ” കുൽദീപ് യാദവ് പറഞ്ഞു.

” ഞാൻ ഇപ്പോൾ മെച്ചപെട്ട ബൗളറായി മാറിയിരിക്കുന്നു. മാനസികമായി ഞാൻ ഇപ്പോൾ ശക്തനാണ്. ഇപ്പോൾ പരാജയപെടുമെന്ന ഭയം എനിക്കില്ല. ഇത് എൻ്റെ ഏറ്റവും മികച്ച ഐ പി എൽ സീസനാണ്. ഞാൻ എൻ്റെ ബൗളിങ് ഏറെ ആസ്വദിക്കുന്നു. ബാറ്റർ എന്ത് ചെയ്യുമെന്നൊന്നും ഞാനിപ്പോൾ ചിന്തിക്കുന്നില്ല. എൻ്റെ ശ്രദ്ധ ശരിയായ ലൈനിലും ലെങ്തിലും പന്തെറിയുകയെന്നതാണ്. ” കുൽദീപ് യാദവ് കൂട്ടിചേർത്തു.

മത്സരത്തിൽ നാല് വിക്കറ്റിൻ്റെ വിജയമാണ് ഡൽഹി ക്യാപിറ്റൽസ് നേടിയത്. കെ കെ ആർ ഉയർത്തിയ 147 റൺസിൻ്റെ വിജയലക്ഷ്യം 19 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് മറികടന്നു. സീസണിൽ ക്യാപിറ്റൽസിൻ്റെ നാലാം വിജയവും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ തുടർച്ചയായ അഞ്ചാം തോൽവിയുമാണിത്.