ഐ പി എൽ 2022 ലെ ദയനീയ പ്രകടനം തുടർന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ നാല് വിക്കറ്റിനാണ് കെ കെ ആർ പരാജയപെട്ടത്. മത്സരത്തിൽ കെ കെ ആർ ഉയർത്തിയ 147 റൺസിൻ്റെ വിജയലക്ഷ്യം 19 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് മറികടന്നു. സീസണിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ തുടർച്ചയായ അഞ്ചാം പരാജയമാണിത്.

ഡൽഹി ക്യാപിറ്റൽസിന് വേണ്ടി ഡേവിഡ് വാർണർ 26 പന്തിൽ 42 റൺസും റോവ്മാൻ പോവൽ 16 പന്തിൽ പുറത്താകാതെ 33 റൺസും അക്ഷർ പട്ടേൽ 17 പന്തിൽ 24 റൺസും നേടി. കെ കെ ആറിന് വേണ്ടി ഉമേഷ് യാദവ് നാലോവറിൽ 24 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ഹർഷിത് റാണ, സുനിൽ നരെയ്ൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 34 പന്തിൽ 57 റൺസ് നേടിയ നിതീഷ് റാണയും 37 പന്തിൽ 42 റൺസ് നേടിയ ശ്രേയസ് അയ്യരുമാണ് പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. റിങ്കു സിങ് 16 പന്തിൽ 23 റൺസ് നേടി പുറത്തായി.
മൂന്നോവറിൽ 14 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ കുൽദീപ് യാദവാണ് കെ കെ ആറിനെ തകർത്തത്.

മുസ്തഫിസുർ റഹ്മാൻ മൂന്ന് വിക്കറ്റും ചേതൻ സക്കറിയ, അക്ഷർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. സീസണിലെ ഡൽഹി ക്യാപിറ്റൽസിൻ്റെ നാലാം വിജയമാണിത്. വിജയത്തോടെ പോയിൻ്റ് ടേബിളിൽ പഞ്ചാബ് കിങ്സിനെ പിന്നിലാക്കി ആറാം സ്ഥാനത്തെത്തി.
