റാഷിദ് ഖാൻ ദി ഹീറോ, അവസാന പന്തിൽ ആവേശവിജയം കുറിച്ച് ഗുജറാത്ത് ടൈറ്റൻസ്

വീണ്ടും അവസാന പന്തിൽ ആവേശവിജയം കുറിച്ച് ഗുജറാത്ത് ടൈറ്റൻസ്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ റാഷിദ് ഖാൻ്റെയും രാഹുൽ തെവാട്ടിയയുടെയും തകർപ്പൻ ബാറ്റിങ് മികവിലാണ് ആവേശവിജയം ഗുജറാത്ത് ടൈറ്റൻസ് കുറിച്ചത്. മത്സരത്തിൽ സൺറൈസേഴ്സ് ഉയർത്തിയ 196 റൺസിൻ്റെ വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തിൽ അവസാന പന്തിൽ ടൈറ്റൻസ് മറികടന്നു.

( Picture Source : IPL )

അവസാന ഓവറിൽ 22 റൺസ് വേണമെന്നിരിക്കെ മാർക്കോ യാൻസനെതിരെ ആദ്യ പന്തിൽ തെവാട്ടിയ സിക്സ് പറത്തുകയും തൊട്ടടുത്ത പന്തിൽ സിംഗിൾ നേടി സ്ട്രൈക്ക് റാഷിദ് ഖാന് കൈമാറി. മൂന്നാം പന്തിൽ സിക്സ് നേടി റാഷിദ് ഖാൻ ബൗളറെ സമ്മർദ്ദത്തിലാക്കിയെങ്കിലും നാലാം പന്ത് ഡോട്ടാക്കി കൊണ്ട് യാൻസൻ ശക്തമായി തിരിച്ചെത്തി. തുടർന്ന് അവസാന രണ്ട് പന്തിൽ 9 റൺസ് വേണമെന്നിരിക്കെ രണ്ട് സിക്സ് പറത്തികൊണ്ട് റാഷിദ് ഖാൻ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

( Picture Source : IPL )

രാഹുൽ തെവാട്ടിയ 21 പന്തിൽ 40 റൺസും റാഷിദ് ഖാൻ 11 പന്തിൽ 31 റൺസും നേടി പുറത്താകാതെ നിന്നു. 38 പന്തിൽ 68 റൺസ് നേടിയ വൃദ്ധിമാൻ സാഹ മികച്ച പ്രകടനം ടീമിനായി പുറത്തെടുത്തു.

സൺറൈസേഴ്സിന് വേണ്ടി ഉമ്രാൻ മാലിക്ക് നാലോവറിൽ 25 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് നേടിയെങ്കിലും മറ്റാർക്കും താരത്തിന് പിന്തുണ നൽകാൻ സാധിച്ചില്ല.

( Picture Source : IPL )

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ് 42 പന്തിൽ 6 ഫോറും 3 സിക്സുമടക്കം 65 റൺസ് നേടിയ അഭിഷേക് ശർമ്മ, 40 പന്തിൽ 56 റൺസ് നേടിയ ഐയ്ഡൻ മാർക്രം, 6 പന്തിൽ 25 റൺസ് നേടിയ ശശാങ്ക് സിങ് എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്.

ഗുജറാത്ത് ടൈറ്റൻസിന് വെണ്ടി മൊഹമ്മദ് ഷാമി മൂന്ന് വിക്കറ്റും യാഷ് ദയാൽ, അൽസാരി ജോസഫ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. സീസണിലെ ഏഴാം വിജയമാണ് മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് നേടിയത്. വിജയത്തോടെ ടൈറ്റൻസ് പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി.

( Picture Source : IPL )