Skip to content

ഐ പി എല്ലിൽ നിന്നും പിന്മാറൂ, വിരാട് കോഹ്ലിയ്ക്ക് നിർദ്ദേശവുമായി രവി ശാസ്ത്രി

മോശം പ്രകടനം തുടരുന്ന മുൻ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലിയോട് ഐ പി എല്ലിൽ നിന്നും പിന്മാറാൻ നിർദ്ദേശിച്ച് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. കോഹ്ലിയ്ക്ക് ഒരു ഇടവേള ആവശ്യമാണെന്നും ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കണമെങ്കിൽ ചില അതിരുകൾ നിശ്ചയിക്കേണ്ടതുണ്ടെന്നും രവി ശാസ്ത്രി പറഞ്ഞു.

സീസണിൽ 9 മത്സരങ്ങളിൽ നിന്നും 16.00 ശരാശരിയിൽ 128 റൺസ് മാത്രമാണ് വിരാട് കോഹ്ലി നേടിയിട്ടുള്ളത്. ബാറ്റ്സ്മാൻ എന്ന നിലയിൽ വിരാട് കോഹ്ലിയുടെ ഏറ്റവും മോശം സീസൺ കൂടിയാണിത്.

” ഒരു ഇടവേള അവന് ആവശ്യമാണ്. കാരണം വളരെയേറെ കാലം തുടർച്ചയായി അവൻ ക്രിക്കറ്റ് കളിച്ചു. മൂന്ന് ഫോർമാറ്റിലും ടീമിനെ നയിച്ചു. ഇടവേളയെടുക്കുന്നതാണ് അവനെ സഹായിക്കും. ചില സമയങ്ങളിൽ നിങ്ങൾ ബാലൻസ് നിശ്ചയിക്കേണ്ടതുണ്ട്. ഈ വർഷം ഇതിനകം അവൻ ഐ പി എല്ലിൽ കളിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിൽ അഞ്ചോ ആറോ വർഷം കൂടി കളിക്കുവാൻ അവൻ ആഗ്രഹിക്കുന്നുവെങ്കിൽ ഐ പി എല്ലിൽ നിന്നും പിന്മാറേണ്ടതുണ്ട്. ”

” വിരാടിനോട് മാത്രമല്ല മറ്റേതൊരു കളിക്കാരനോടും ഞാനത് പറയും. നിങ്ങൾക്ക് ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനും മികച്ച പ്രകടനം പുറത്തെടുക്കാനും ആഗ്രഹമുണ്ടെങ്കിൽ ഇടവേള ലഭിക്കുന്ന അതിരുകൾ നിങ്ങൾ നിശ്ചയിക്കേണ്ടതുണ്ട്. അനുയോജ്യമായ ഇടവേള ഇന്ത്യ കളിക്കാത്ത ഓഫ് സീസണായിരിക്കും. ”

” നിർഭാഗ്യവശാൽ ഇന്ത്യ കളിക്കാതിരിക്കുന്നത് ഐ പി എൽ നടക്കുമ്പോൾ മാത്രമാണ്. ചില സമയങ്ങളിൽ നിങ്ങൾ ഐ പി എല്ലിൽ നിന്നും പിന്മാറണം. അല്ലെങ്കിൽ പകുതി മത്സരങ്ങൾ മാത്രമേ കളിക്കൂവെന്ന് ഫ്രാഞ്ചൈസിയോട് പറയണം. എനിക്ക് പകുതി പണം നൽകിയാൽ മതിയെന്ന് പറയണം. അത്രത്തോളം ലളിതമാണിത്. ഒരു അന്താരാഷ്ട്ര കളിക്കാരൻ എന്ന നിലയിൽ പ്രൊഫഷൻ്റെ ഉന്നതിയിലെത്താൻ ചില കടുത്ത തീരുമാനങ്ങൾ നിങ്ങൾ എടുക്കേണ്ടതുണ്ട്. ” രവി ശാസ്ത്രി കൂട്ടിചേർത്തു.