Skip to content

ഒരു വ്യക്തിയെ മാത്രമല്ല ഞങ്ങൾ ആശ്രയിക്കുന്നത്, കോഹ്ലിയുടെ മോശം ഫോമിനെ കുറിച്ച് ആർ സീ ബി കോച്ച്

മോശം ഫോമിൽ തുടരുന്ന മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പിന്തുണച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഹെഡ് കോച്ച് സഞ്ജയ് ബംഗാർ. ഈ മോശം സാഹചര്യം കോഹ്ലി മറികടക്കുമെന്നും വരും മത്സരങ്ങളിൽ കോഹ്ലി മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സഞ്ജയ് ബംഗാർ പറഞ്ഞു.

( Picture Source : BCCI )

ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെയും സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയും നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായ കോഹ്ലിയ്ക്ക് രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ 9 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്. ഈ സീസണിൽ 9 മത്സരങ്ങളിൽ നിന്നും 16.00 ശരാശരിയിൽ 128 റൺസ് മാത്രമാണ് കോഹ്ലി നേടിയിട്ടുള്ളത്.

” കോഹ്ലി വിവേകമുള്ള കളിക്കാരനാണ്, കരിയറിൽ ഉയർച്ചകളും താഴ്‌ച്ചകളും അവൻ കണ്ടിട്ടുണ്ട്. അവൻ തയ്യാറെടുക്കുന്ന രീതി, എല്ലായ്പ്പോഴും കംഫർട്ട് സോണിൽ നിന്നും പുറത്തുകടക്കുവാൻ അവൻ ആഗ്രഹിക്കുന്നു. അതാണ് അവൻ്റെ പ്രത്യേകത. അതുകൊണ്ടാണ് എത്രത്തോളം വിഷമകരമായ അവസ്ഥയെയും അവൻ തരണം ചെയ്യുന്നത്. ”

( Picture Source : BCCI )

” ആ പോരാട്ടവീര്യം അവൻ ഉപയോഗിക്കുമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്തും മറികടക്കാനുള്ള മനസാന്നിധ്യം അവനുണ്ട്. വരാനിരിക്കുന്ന നിർണായക മത്സരങ്ങളിൽ അവൻ ഞങ്ങളെ വിജയിപ്പിക്കും. ആദ്യ 8 മത്സരങ്ങളിൽ അനുജ് റാവത്തും ഫാഫുമാണ് ഓപ്പൺ ചെയ്തത്. എന്നാൽ ഇനി മുതൽ കോഹ്ലിയും ഫാഫുമായിരിക്കും ഞങ്ങൾക്ക് വേണ്ടി ഓപ്പൺ ചെയ്യുന്നത്. നിർണായക മത്സരങ്ങളിൽ ഞങ്ങളുടെ മികച്ച ബാറ്റർമാർ ഇന്നിങ്സ് ഓപ്പൺ ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ” സഞ്ജയ് ബംഗാർ പറഞ്ഞു.

( Picture Source : BCCI )

” സത്യസന്ധമായി പറഞ്ഞാൽ ഒരു വ്യക്തിയെ മാത്രമല്ല ഞങ്ങൾ ആശ്രയിക്കുന്നത്. ഞങ്ങൾ വിജയിച്ച മത്സരങ്ങൾ നോക്കിയാൽ ഓരോരുത്തരും വിജയത്തിൽ പങ്കുവഹിച്ചിട്ടുണ്ട്. സീസണിലെ രണ്ട് മത്സരങ്ങളിൽ കോഹ്ലിയും പങ്കുവഹിച്ചു. അതുകൊണ്ട് തന്നെ ടീം ഒരു വ്യക്തിയെ ആശ്രയിച്ചിരിക്കുന്നുവെന്നല്ല. അതാണ് ഞങ്ങൾക്ക് വേണ്ടത്. ” സഞ്ജയ് ബംഗാർ കൂട്ടിചേർത്തു.

( Picture Source : BCCI )